പുതിയ വിസകളിലുള്ളവർക്ക് ഒമാനിലേക്ക് നിലവിൽ പ്രവേശനം ഇല്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

GCC News

നിലവിൽ സാധുതയുള്ള തൊഴിൽ, റെസിഡൻസി വിസകളിലുള്ളവർക്കും, വിസ കാലാവധി പുതുക്കിയവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രാനുമതി നൽകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി. ഒക്ടോബർ 26-ന് വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

https://twitter.com/FlyWithIX/status/1320690063257169922

സുപ്രീം കമ്മിറ്റി നിർദ്ദേശപ്രകാരം, സാധുതയുള്ള റസിഡന്റ് കാർഡുകൾ ഉള്ളവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും, പുതിയ വിസകളിൽ ഉള്ളവർക്ക് ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചിരുന്നു. ഒമാനിൽ എല്ലാ തൊഴിലുകളിലുമുള്ള പ്രവാസികളുടെ കാര്യത്തിലും ഈ തീരുമാനം ബാധകമാണെന്ന് ROP വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

“നിലവിൽ ഒമാനിൽ സാധുതയുള്ള റെസിഡൻസി/ തൊഴിൽ വിസകളുള്ളവർക്കും, വിസ കാലാവധി പുതുക്കിയവർക്കും മാത്രമാണ് മസ്‌കറ്റ്, സലാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ യാത്രാനുമതി നൽകുന്നത്. യാത്രാനുമതി ലഭിക്കുന്നതിനായി നിലവിൽ സാധുതയുള്ള വിസകളുള്ളവർക്ക് റെസിഡൻസ് കാർഡ് കൈവശം ആവശ്യമാണ്. പുതിയ വിസകളിലുള്ളവർക്ക് നിലവിൽ ഒമാനിലേക്ക് പ്രവേശനാനുമതിയില്ല.”, എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പിൽ വ്യക്തമാക്കുന്നു.