അജ്‌മാൻ: ഏതാനം വിഭാഗം ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കി

UAE

എമിറേറ്റിലെ ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി. അജ്മാനിലെ എമർജൻസി, ക്രൈസിസ്‌ ആൻഡ് ഡിസാസ്റ്റർ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

മാർച്ച് 2, ചൊവ്വാഴ്ച്ചയാണ് അജ്‌മാൻ പോലീസ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം മാർച്ച് 2 മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിലെ ജീവനക്കാർക്കിടയിൽ ഈ പരിശോധനകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർ നിർബന്ധമായും ‘AlHosn’ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അജ്മാനിൽ താഴെ പറയുന്ന പ്രവർത്തന മേഖലകളിലെ ജീവനക്കാർക്കാണ് ഓരോ ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്:

  • റസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിലെ ജീവനക്കാർ.
  • സൂപ്പർമാർക്കറ്റുകൾ.
  • സ്പോർട്സ് ഹാളുകൾ.
  • സലൂണുകൾ.
  • ഭക്ഷണം, മാംസം എന്നിവയുടെ വിതരണ കമ്പനികളിലെ ജീവനക്കാർ.
  • ലേബർ റിക്രൂട്മെന്റ് ഓഫീസുകളിലെ ജീവനക്കാർ.
  • കാർ വാഷ് സേവനം നൽകുന്ന സ്ഥാപനങ്ങൾ.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളവർക്ക് ഈ നിർദ്ദേശത്തിൽ ഇളവ് ലഭിക്കുന്നതാണ്. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ മൂന്ന് ദിവസത്തിന് ശേഷം എമിറേറ്റിലുടനീളം ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.