കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് PCR പരിശോധന നിർബന്ധം

GCC News

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രികർക്ക് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കാനുള്ള തീരുമാനം.

“ഓഗസ്റ്റ് 1 മുതൽ വ്യോമയാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ, കുവൈറ്റ് എയർപോർട്ടിലൂടെ പ്രവേശിക്കുന്ന പൗരന്മാരും, വിദേശികളും ഉൾപ്പടെ എല്ലാ യാത്രികർക്കും, PCR ടെസ്റ്റിംഗ് നിർബന്ധമാണ്. ഒരു ദിവസത്തെ വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്നവർക്ക് പോലും ഇത് ബാധകമാണ്.”, ഈ തീരുമാനത്തെ കുറിച്ച് വ്യോമയാന മേഖലയിലെ ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

നിലവിൽ രാജ്യത്തിനു പുറത്തുള്ള കുവൈറ്റ് റെസിഡൻസി വിസകളിൽ ഉള്ളവർക്ക്, രാജ്യത്ത് നിലവിൽ ജോലി, അതോടൊപ്പം സാധുതയുള്ള റെസിഡന്റ് വിസ എന്നിവ ഉണ്ടെങ്കിൽ വ്യോമയാന മേഖല പുനരാരംഭിക്കുന്നതോടെ തിരികെയെത്താമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുവൈറ്റിൽ നിന്ന് COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി, കുവൈറ്റ് എയർപോർട്ട് മെഡിക്കൽ ലബോറട്ടറിയിൽ നിന്ന് COVID-19 മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപെടുത്തുമെന്ന് നേരത്തെ അറിയിപ്പുകളുണ്ടായിരുന്നു. ഇത്തരം PCR ടെസ്റ്റുകൾ സൗജന്യമല്ലെന്നും, നിർദ്ദിഷ്ട ഫീസ് അടക്കുന്നവർക്കാണ് ഈ സേവനമെന്നുമാണ് അറിയിച്ചിരുന്നത്.

ഓഗസ്റ്റ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ്, നാലു മാസത്തിലധികമായി അടഞ്ഞുകിടക്കുന്ന വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കുന്നത്. ഓഗസ്റ്റ് 1-നു ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ 30 ശതമാനം വിമാന സർവീസുകളാണ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുക. ദിനവും പരമാവധി 10,000 യാത്രികരെ ഉൾകൊള്ളുന്ന 100 സർവീസുകളാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുക. ഓഗസ്റ് 1 മുതൽ 6 മാസത്തേക്കാണ് ആദ്യ ഘട്ടം പ്രവർത്തനങ്ങൾ നടത്തുന്നത്.