65 വയസ്സിന് മുകളിൽ പ്രായമുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻകൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്.
65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കുവൈറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ്. ഇതിനായി ഔദ്യോഗിക മുൻകൂർ അനുമതികളോ, ബുക്കിങ്ങോ ആവശ്യമില്ലെന്നും ഡോ. അൽ സനദ് അറിയിച്ചു.
കുവൈറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. റമദാൻ മാസം അവസാനിക്കുന്നതിന് മുൻപായി ഏതാണ്ട് ഒരു ദശലക്ഷം പേർക്ക് വാക്സിൻ നൽകുന്നതിനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.