ബഹ്‌റൈനിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളോട് ജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷനിൽ പങ്കെടുക്കുന്നവരുടെ സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും മന്ത്രാലയം നിലവിൽ പുറത്തുവിട്ടിട്ടില്ലെങ്കിലും, രാജ്യത്തെ പൗരന്മാരും, പ്രവാസികളും ഈ നടപടികളോട് വളരെയധികം താത്പര്യപൂർവ്വമാണ് പ്രതികരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 18-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വാക്സിനേഷൻ നൽകുന്നതിനുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ, വാക്സിനേഷൻ നടപടികൾ എന്നിവ ബഹ്‌റൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു.
COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷനിൽ പങ്കെടുക്കാൻ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. https://healthalert.gov.bh/en/ എന്ന വിലാസത്തിലൂടെ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
രാജ്യത്തെ 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി എല്ലാവരും വാക്സിനേഷൻ പരിപാടികളിൽ പങ്കെടുക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.