അബുദാബി: COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു; ആദ്യ സന്നദ്ധസേവകനായി DoH ചെയർമാൻ

UAE

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നു ആരംഭിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായുള്ള ആദ്യ സന്നദ്ധസേവകനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു. തുടർന്ന് DoH ആക്ടിംഗ് സെക്രട്ടറി ഡോ. ജമാൽ അൽ കാബി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്ന രണ്ടാമത്തെ സന്നദ്ധസേവകനായി.

COVID-19 മഹാമാരിയെ ആഗോള സഹകരണത്തിലൂടെ മറികടക്കുന്നതിനായി ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ ക്ലിനിക്കൽ സഹകരണ കരാർ നേരത്തെ ഒപ്പ് വെച്ചിരുന്നു. അബുദാബി ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ, യു എ ഇയിലെ ക്ലിനിക്കൽ ട്രയൽ പ്രവർത്തനങ്ങൾക്ക് G42-ആണ് നേതൃത്വം നൽകുന്നത്.

അബുദാബി ഹെൽത്ത് സർവീസസ്, SEHA-യിലെ ആരോഗ്യ പരിശീലകരാണ് ഈ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്. ഇതിനായി SEHA തങ്ങളുടെ അബുദാബിയിലെയും അൽ ഐനിലെയും അഞ്ച് ക്ലിനിക്കുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഒരു മൊബൈൽ ക്ലിനിക്കും സേവനങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്. 200-ൽ പരം രാജ്യങ്ങളിൽ നിന്നുള്ളവർ നിവാസികളായിട്ടുള്ള രാജ്യമാണെന്നതും ഈ പരീക്ഷണങ്ങൾക്ക് യു എ ഇ സഹകരണത്തിന് തയ്യാറാകുന്നതിനുള്ള തീരുമാനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. ഈ നരവംശപരമായ വൈവിധ്യം, വാക്സിൻ പരീക്ഷണങ്ങൾ കൂടുതൽ ശക്തമായി നടത്തുന്നതിനും, ആഗോളതലത്തിൽ വാക്സിന്റെ വിജയത്തിന് പങ്കുവഹിക്കാവുന്ന ഘടകങ്ങളെപ്പറ്റി പഠനങ്ങൾ നടത്തുന്നതിനും സഹായകമാണ്.

15000-വരെ സന്നദ്ധപ്രവർത്തകർക്കിടയിൽ ഈ വാക്സിൻ പരീക്ഷിക്കുന്നതിനു യു എ ഇ ആരോഗ്യ വകുപ്പുകൾ അടുത്തിടെ അനുവാദം നൽകുകയുണ്ടായി. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ആദ്യ ഭാഗത്തിൽ, പരീക്ഷണ ഫലങ്ങളുടെ ദൃഢത ഉറപ്പുവരുത്തുന്നതിനായി, കുറഞ്ഞത് 5000 സന്നദ്ധസേവകരെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ജി 42 ഹെൽത്ത് കെയറും SEHA-യും ആരംഭിച്ചിട്ടുണ്ട്.

മൂന്നാം ഘട്ട പരീക്ഷണങ്ങൾ മനുഷ്യരിൽ ആരംഭിച്ചതോടെ, തദ്ദേശീയമായി വാക്സിൻ നിർമ്മിക്കുന്നതുൾപ്പടെയുള്ള വലിയ സംരഭങ്ങൾക്ക് തുടക്കമാവുകയാണ്. യു എ ഇ പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ആദ്യത്തെ ഗ്രൂപ്പ് സന്നദ്ധ പ്രവർത്തകർക്ക് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലാണ് വാക്സിൻ കുത്തിവെപ്പ് നൽകിയത്.

അബുദാബി DoH, SEHA എന്നിവരുടെ കർശന മാർഗനിർദേശങ്ങളനുസരിച്ചും, മേൽനോട്ടത്തിലുമാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) എന്നിവർ നിശ്ചയിച്ചിട്ടുള്ള എല്ലാ അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നത്. പഠനം വിജയകരമാണെങ്കിൽ, അബുദാബി എമിറേറ്റിലെ ശാസ്ത്ര ഗവേഷണത്തിനായുള്ള എത്തിക്സ് കമ്മിറ്റി ഇതിനു അംഗീകാരം നൽകും.

സിനോഫാം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന, നിർജ്ജീവമാക്കിയ COVID-19 വാക്‌സിൻ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങളും പ്രതികൂല ഫലങ്ങൾ കൂടാതെ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇവ പരീക്ഷിച്ച മുഴുവൻ സന്നദ്ധപ്രവർത്തകരിലും, രണ്ട് ഡോസുകൾക്ക് ശേഷം 28 ദിവസത്തിനുള്ളിൽ ആന്റിബോഡികൾ സൃഷ്ടിക്കപ്പെടുകയുണ്ടായി. ഇപ്പോൾ മൂന്നാം ഘട്ടം ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി അബുദാബിയിലും അൽ ഐനിലും താമസിക്കുന്ന 18 നും 60 നും ഇടയിൽ പ്രായമുള്ള വ്യക്തിഗത സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കും.

രാജ്യത്ത് നിലവിൽ രണ്ട് കൊറോണ വൈറസ് വാക്സിനുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് ജൂലൈ 13-നു അറിയിക്കുകയുണ്ടായി. ഈ വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.