റഷ്യൻ നിർമ്മിത COVID-19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ തുടരുന്നു

GCC News

റഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ തുടരുന്നതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നത്. ജനുവരി 7-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മനുഷ്യരിൽ സാധാരണയായി കണ്ണുകളെയും, ശ്വാസകോശങ്ങളെയും ബാധിക്കുന്ന അഡിനോവൈറസുകളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ വാക്സിനിന്റെ പരീക്ഷണം ‘വാക്‌സിൻ ഫോർ വിക്ടറി’ എന്ന പ്രചാരണ പരിപാടിയോടെയാണ് എമിറേറ്റിൽ നടപ്പിലാക്കുന്നത്. COVID-19 രോഗബാധയ്‌ക്കെതിരെ ഒന്നിലധികം പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് ലക്ഷ്യമിട്ടാണ് ഈ വാക്സിൻ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നത്.

ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ള സന്നദ്ധസേവകർക്ക് https://v4v.ae/ എന്ന വിലാസത്തിൽ റെജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ അബുദാബിയിൽ നിന്ന് 500 സന്നദ്ധസേവകർക്കാണ് ഈ വാക്സിൻ നൽകുന്നത്. യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഈ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്.

താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ഈ പരീക്ഷണത്തിൽ പങ്കെടുക്കാവുന്നതാണ്:

  • ചുരുങ്ങിയത് 18 വയസ്സായവരായിരിക്കണം.
  • മുൻപ് COVID-19 രോഗബാധ സ്ഥിരീകരിച്ചവരാകരുത്.
  • കഴിഞ്ഞ 14 ദിവസങ്ങൾക്കിടയിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളോ, പകർച്ചവ്യാധികളോ വന്നവരാകരുത്.
  • മറ്റു വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായ സന്നദ്ധസേവകർ പങ്കെടുക്കരുത്.

ഈ നിബന്ധനകൾ പ്രകാരമുള്ള സന്നദ്ധസേവകർക്ക് 20 ദിവസത്തെ ഇടവേളയിൽ 2 ഡോസ് വാക്സിനാണ് നൽകുന്നത്. ഇതിനു ശേഷം ഇവരെ തുടർച്ചയായി നിരീക്ഷണ, പരിശോധനകൾക്ക് വിധേയരാക്കുന്നതാണ്.

റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്സിൻ തയ്യാറാക്കിയത്. റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്മെന്റ് ഫണ്ട് (RDIF), ‘Aurugulf’ ഹെൽത്ത് ഇൻവെസ്റ്മെന്റ് എന്നിവർ സംയുക്തമായാണ് ഈ വാക്സിൻ പരീക്ഷണങ്ങൾ യു എ ഇയിൽ അവതരിപ്പിക്കുന്നത്.