സൗദി അറേബ്യ: തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഹജ്ജ് മന്ത്രാലയം

Saudi Arabia

തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തീർത്ഥാടകർക്ക് എത്ര തവണ വേണമെങ്കിലും ഉംറ നിർവഹിക്കാമെന്നും, എന്നാൽ ഇത് മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ പെർമിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന നിബന്ധനയുണ്ടെന്നും ഹജ്ജ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉംറ തീർത്ഥാടകർ തീർത്ഥാടനത്തിനുള്ള പെർമിറ്റുകൾ മുൻകൂറായി നേടിയിരിക്കണമെന്നും, ഈ പെർമിറ്റിൽ അനുവദിച്ചിരിക്കുന്ന തീയതി, സമയം എന്നിവ അനുസരിച്ചായിരിക്കണം ഉംറ തീർത്ഥാടനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വിസിറ്റ്, ടൂറിസ്റ്റ്, വർക്ക് തുടങ്ങിയ വിവിധ വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഉംറ അനുഷ്ഠിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിനായി അനുവദിച്ചിട്ടുള്ള കാലയളവിൽ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ സഞ്ചരിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്നും, തിരികെമടങ്ങാമെന്നും മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.