ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ തീർത്ഥാടകർ മക്കയിൽ നിന്ന് മടങ്ങാൻ ആരംഭിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടും, അതീവ ജാഗ്രതയോടും നടപ്പിലാക്കിയ തീർത്ഥാടനത്തിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളോ, രോഗബാധകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും മികച്ച പ്രവർത്തനങ്ങൾക്ക് അടിവരയിടുന്നു.
ഹജ്ജ് നിർവഹിച്ച് മടങ്ങുന്ന തീർത്ഥാടകർ അവരവരുടെ വീടുകൾ എത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റീനിൽ തുടരും. ഈ കാലയളവിൽ തീർത്ഥാടകർ ആരോഗ്യ വകുപ്പ് നൽകിയ ഇലക്ട്രോണിക് ബ്രേസ്‌ലെറ്റുകൾ ധരിച്ചായിരിക്കും ക്വാറന്റീനിൽ കഴിയുക. തീത്ഥാടകരെ തുടർച്ചയായി നിരീക്ഷിക്കുന്നതിന് അധികൃതരെ ഇത് സഹായിക്കുന്നു. ഇത് കൂടാതെ ഇവരുടെ ആരോഗ്യ വിവരങ്ങൾ സ്മാർട്ട് ഫോൺ ആപ്പ് വഴി ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നതാണ്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് തീർത്ഥാടനത്തിന് ശേഷമുള്ള 14 ദിവസത്തെ ക്വാറന്റീൻ. ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിനു മുൻപും തീർത്ഥാടകർ ക്വാറന്റീനിൽ കഴിഞ്ഞിരുന്നു.