ഖത്തർ: ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി

GCC News

രാജ്യത്ത് 2022 മെയ് 8 മുതൽ ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ശക്തമായ രീതിയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്ത് 12 മുതൽ 22 നോട്ട് (22.22 മുതൽ 40.74 കിലോമീറ്റർ) വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 30 നോട്ടിന് (55.56 കിലോമീറ്റർ) മുകളിൽ വേഗതയിലുള്ള കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച്ച തടസപ്പെടുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നും, പത്ത് അടിവരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.