വാർത്തകൾ ക്ഷണഭംഗുരം

Editorial
വാർത്തകൾ ക്ഷണഭംഗുരം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ദിനം തോറും തോരാതെ പെയ്തുകൊണ്ടിരിക്കുന്ന മഴപോലെയാണ് ഇന്ന് നമുക്ക് വാർത്തകൾ. മുൻപെല്ലാം വാർത്തകൾക്ക് കൃത്യമായ ഇടവേളകളുണ്ടായിരുന്നു; ഞായറാഴ്ച്ച സിനിമയ്ക്കിടയിൽ വാർത്ത വരുമ്പോളായിരിക്കും, പലപ്പോളും ടിവിയുടെ മുന്നിൽനിന്നെണീറ്റ് അടുക്കളയിൽ പോയി കറിയ്ക്കരിയുന്നതും, കട്ടൻ കാപ്പി തിളപ്പിച്ചിരുന്നതും എല്ലാം. എന്നാലിന്ന് കൊച്ചു കുട്ടികൾ മുതൽ പ്രായാധിക്ക്യം വന്നവർ വരെ അവരുടെ സിരകളെ മത്തുപിടിപ്പിക്കാൻ വാർത്തകളും, ചർച്ചകളും, രോഷപ്രകടനങ്ങളും, കുറ്റവിചാരണകളും കണ്ടുകൊണ്ടിരിക്കുന്നു.

നമ്മൾ അറിയാതെ വാർത്തകൾ നമ്മുടെ മനസ്സുകളെ സ്വാധീനിക്കുന്നുണ്ടെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ എവിടെയോ ഒരു പരാമർശം ശ്രദ്ധയിൽ പെട്ടു, “കുറച്ചു ദിവസമായി വാർത്തകൾ കാണുന്നില്ല, അതുകൊണ്ട് മനസ്സ് സ്വസ്ഥം” എന്നായിരുന്നു ആ വീട്ടമ്മയുടെ അഭിപ്രായം. സത്യത്തിൽ വാർത്തകൾ വായിക്കുകയും അതിലെ ശരിയും ശരികേടും ചികയാത്തതും ആയിരിക്കാം ഇങ്ങിനെ ഒരു ചിന്തയ്ക്ക് കാരണം.

മുൻപെല്ലാം വാർത്തകൾ എന്നാൽ പുതിയ കാര്യങ്ങളുടെ അറിയിപ്പുകൾ, നടന്ന കാര്യങ്ങളുടെ വിശദീകരണം എന്നിവയായിരുന്നെങ്കിൽ ഇന്ന് അതിൻറെ ശൈലിയും ഗതിയും മാറി. പ്രേക്ഷകനെ കൂടെ നിർത്തി വൈകാരികമായ ഒരു യാത്രയാണ് ഇന്നത്തെ ഓരോ വാർത്തയും. മകൾ മരിച്ചുകിടക്കുന്നിടത്ത് മാതാപിതാക്കൾ കരയുന്നതിന്റെ ക്ലോസ് ഷോട്ട് കിട്ടുന്നതിനായി അവിടെയുള്ള ബന്ധുക്കളെയോ, പോലീസുകാരെയോ അനവസരത്തിലാണെങ്കിൽ പോലും തട്ടി മാറ്റി ആ കണ്ണീരെടുത്ത് കോളം നിറയ്ക്കുന്ന പുതിയ വാർത്താ രീതികളിലൂടെയാണ് നമ്മുടെ മനസ്സുകളും സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു വിഷയവും നമ്മുടെ മനസ്സുകളെ സ്പർശിക്കുന്ന വിധം അഭിനയിച്ചവതരിപ്പിക്കുന്ന ക്ഷണികമായ ഒരു നാടകമായി മാറുന്നു പല വാർത്തകളും.

കാഴ്ചകൾക്കായി ഒരുപാട് പംക്തികൾ ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ ഉണ്ടെങ്കിലും വാർത്തകളെ ഇതിൽ ഇടകലർത്താതെ അതിൻറെതായ ഗൗരവത്തിൽ അവതരിപ്പിക്കുന്നതായിരിക്കും ഉചിതമെന്നു തോന്നുന്നു. കാഴ്ച്ചക്കാരെയും, കേൾവിക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ സൃഷ്ടിക്കുന്ന തിരക്കിൽ പലപ്പോഴും ശരിയേതെന്നു ചികഞ്ഞു നോക്കാൻ പോലും പലപ്പോഴും മാധ്യമങ്ങൾ തയ്യാറാവുന്നില്ല. വ്യക്തികളുടെ ബുദ്ധിയെ ത്രസിപ്പിക്കുന്ന പുതിയ വാർത്തകൾ കണ്ടുപിടിക്കുന്നതിനിടയിൽ അന്വേഷണാത്മക റിപ്പോർട്ടുകൾ പലപ്പോഴും വെളിച്ചം കാണാതെ ഉള്ളറയിൽ കച്ചവടം ചെയ്യപ്പെടുന്നു. ഇന്ന് ഏതൊരു വ്യക്തിയും വാർത്തയുടെ ഉറവിടമായി മാറിയിരിക്കുന്നു, അതുകൊണ്ട് തന്നെ വാർത്തകൾ വിശദമായി അന്വേഷിച്ചറിയേണ്ടതും, മുൻ നിര മാധ്യമങ്ങൾ ത്രസിപ്പിക്കുന്ന വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് അവ ആളുകൾ വിശ്വസിക്കുന്നുണ്ട് എന്ന കാര്യത്തിൽ കൂടി ശ്രദ്ധചെലുത്തണം.

ജോർജ് ബർണാഡ് ഷാ അഭിപ്രായപ്പെട്ടതുപോലെ “Beware of his false knowledge: it is more dangerous than ignorance.”, “അയാളിലുള്ള തെറ്റായ അറിവുകൾ, അജ്ഞതയേക്കാൾ ആപത്കരമാണ്” . നാം ശരി എന്ന് കരുതി വായിക്കുകയും കാണുകയും ചെയ്യുന്ന പല മാധ്യമങ്ങളും അവരുടെ TRP ലക്ഷ്യങ്ങൾക്ക് വേണ്ടി അസത്യവും, അർദ്ധസത്യവുമായ വാർത്തകൾ പടച്ചു വിടുന്നതിൽ നിന്നും മാറി, ശരിയുടെ പക്ഷത്ത് നിലയുറപ്പിക്കണം; കാരണം ആളുകൾ ശരിതെറ്റുകൾ ചികയാതെ അവരെ കണ്ണടച്ച് വിശ്വസിക്കുന്നുണ്ട് പലപ്പോഴും.

Leave a Reply

Your email address will not be published. Required fields are marked *