ആത്മധൈര്യം പരമപ്രധാനം

Editorial
ആത്മധൈര്യം പരമപ്രധാനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഭയം വേണ്ട, ജാഗ്രത മതി” , അടുത്തകാലത്തായി നാം ഏറ്റവുമധികം കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഈ ചൊല്ല്. പറയുന്ന അത്ര എളുപ്പമുള്ള കാര്യമല്ല ഇതെങ്കിലും നാം ഓരോരുത്തരും ഈ സ്ഥിതിയിലേക്ക് മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു അസുഖമോ,ജീവിത വെല്ലുവിളിയോ നേരിടുമ്പോൾ മനഃസാന്നിധ്യം കൈവെടിയാതെ, മനസ്സിൻറെ ശക്തിയും ധൈര്യവും കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

ഈ COVID-19 കാലഘട്ടത്തിൽ മനസ്സിനെ ഏറ്റവുമധികം വെല്ലുവിളിക്കുന്ന ഒരു പദമാണ് “പോസിറ്റീവ്”. ഒരാളുടെ റിസൾട്ട് പോസിറ്റീവ് ആവുമ്പോൾ തന്നെ നമ്മുടെ മനസ്സിന്റെ ധൈര്യം പകുതിയായി കുറയുന്നു; തന്മൂലം നമ്മുടെ ശക്തിയും ക്ഷയിക്കുന്നു. മുൻപെല്ലാം ഒരു തൊണ്ടവേദനയോ, പനിയോ ചുമയോ വരുമ്പോളുള്ള മാനസിക ധൈര്യം ഇന്നില്ല. വർദ്ധിച്ചു വരുന്ന വാർത്തകളും, വാർത്തകൾ പോലെ തോന്നിപ്പിക്കുന്ന നുണപ്രചരണങ്ങളും, ഒന്നിന് പുറകെ ഒന്നായി വരുന്ന സമൂഹ മാധ്യമ ഒറ്റമൂലികളും നമ്മുടെ ധൈര്യത്തെ ഇല്ലാതാക്കുന്നു; അതിലൂടെ ഭയത്തിന് വഴിയൊരുക്കുന്നു. രോഗാവസ്ഥയിലാകുന്ന ഒരാൾ തീർച്ചയായും മാനസിക വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള ആത്മധൈര്യം കൈവരിക്കണം. മറ്റെന്തും നിങ്ങൾക്കായി വേറൊരാൾക്ക് നല്‌കാനാകും, എന്നാൽ നമ്മുടെ മനസ്സുകളെ ശക്തിപെടുത്തുന്ന ചിന്തകളും, വിചാരങ്ങളും നാം ഓരോരുത്തരും സ്വയം ആർജ്ജിക്കേണ്ടതുണ്ട്.

ഈ പ്രതിസന്ധി ഘട്ടവും കടന്നുപോകും. പഴയ ജീവിത നിറങ്ങൾ തിരിച്ചു പിടിക്കുന്നതിനായി നാം നമ്മുടെ മനസ്സുകളിൽ നിന്നും ആശങ്കകളെ തുടച്ചുനീക്കണം. എങ്കിൽ മാത്രമേ ഈ പോരാട്ടത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളു. ജീവിത രീതികളിലെ വൃത്തിയും, വ്യക്തി ശുചിത്വവും, രോഗം നമ്മളിലേക്കെന്ന പോലെ നമ്മളിൽ നിന്നും മറ്റുള്ളവരിലേക്കും പകരും എന്ന ചിന്തയിൽ സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ഈ പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനാകും. ആരോഗ്യ പരിപാലന സംവിധാനങ്ങളുമായി സഹകരിച്ച് കൊണ്ട്, പരിമിതികളിൽ ആത്മധൈര്യം കൈവെടിയാതെ മനസ്സിനെ ശക്തിപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.

ലോകം ഇനിയും ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോകുന്നത് എന്ന ബോദ്ധ്യം നമ്മളിൽ ഉണ്ടാകണം. നാം അതീവ ജാഗ്രത പുലർത്തുകയും, ബുദ്ധിയെ ഭയത്തിന് മുന്നിൽ അടിയറവു വയ്ക്കാതിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ഒന്നാണ്. “The only thing we have to fear, is fear itself.” ഭയത്തെയാണ് നാം ഏറ്റവുമധികം ഭയക്കേണ്ടത് എന്ന് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് അഭിപ്രായപ്പെട്ടതുപോലെ നമ്മെ കീഴ്പ്പെടുത്തുന്ന ആ മാനസിക ഭയത്തെ ഒഴിവാക്കിയാൽ സധൈര്യം നമുക്ക് പറയാനാകും “ഈ സമയവും കടന്നു പോകും, നന്മയുടെ വസന്തകാലം വന്നുചേരും.”

Leave a Reply

Your email address will not be published. Required fields are marked *