COVID-19 പോരാട്ടത്തിൻറെ രണ്ടാംഘട്ടത്തിലേയ്ക്ക് നമ്മുടെ സംസ്ഥാനം കടന്നിരിക്കുന്നു. ആദ്യ ഘട്ടത്തിൽ നമ്മുടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, ഡോക്ടർമാർ, നഴ്സുമാർ, ശുചിത്വ പരിപാലന ജീവനക്കാർ, പോലീസുകാർ, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ അഹോരാത്രം കഷ്ടപ്പെട്ടവരെയും, ആ ജാഗ്രതയ്ക്ക് വിള്ളലേൽപ്പിക്കുന്ന ചില പ്രവർത്തനങ്ങളുമായി അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടന്ന നമുക്കിടയിലെ ചില നാട്ടുകാരെയും ഈ ഘട്ടത്തിന്റെ രണ്ടു പുറങ്ങളായി കണക്കാക്കാം.
കൈകൾ ശുചിയാക്കുക ,സാമൂഹിക അകലം പാലിക്കുക എന്ന ശുചിത്വാവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായി തുടങ്ങിവച്ച “ബ്രേക്ക് ദി ചെയിൻ ” എന്ന ആശയം ആദ്യ ഘട്ടത്തിൽ അതിൻറെ എല്ലാ ഗൗരവത്തോടും കൂടി ജനങ്ങളിലേക്ക് എത്തിച്ചേർന്നത് ഈ പകർച്ചവ്യാധിയെ തടയുന്നതിനുള്ള ശ്രമത്തിനു ബലമേകി. ആളുകൾ 20 സെക്കൻഡ് നേരം കൈയുടെ അകവും പുറവും വൃത്തിയായി കഴുകാൻ ശീലമാക്കിയതും, മനസ്സുകൾ തമ്മിൽ ഒന്നിച്ച് ശാരീരികാകലം പാലിച്ചതും, ‘വീടുകളിൽ തുടരൂ സുരക്ഷിതരാകൂ’, എന്നിവയെല്ലാം ആദ്യഘട്ട അവബോധത്തിൻറെ ഭാഗമായി കണക്കാക്കാം. എന്നാൽ ഇപ്പോഴും ആധുനിക ശാസ്ത്രത്തിന് വ്യക്തമായ നിലപാടുകളിൽ എത്തിച്ചേരാനാകാതെ നില്ക്കുന്ന ഈ സന്ദർഭത്തിൽ COVID വ്യാപനം തടയുന്നതിൻറെ ഭാഗമായി ബ്രേക്ക് ദി ചെയിൻ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടിരിക്കുന്നു. “തുപ്പല്ലേ! തോറ്റുപോകും” എന്നതാണ് ഈ ഘട്ടത്തിലെ ശീർഷകം.
തുപ്പൽ എന്ന പദം നമ്മളിൽ പലർക്കും അരോചകമാണ്, എന്നാൽ “ഇവിടെ തുപ്പരുത്” എന്ന് എഴുതിവച്ച ബോർഡിന് താഴെ ഒരിക്കലെങ്കിലും ഒന്ന് തുപ്പിയില്ലെങ്കിൽ ഒരു മനസ്സുഖം കിട്ടാത്ത നമ്മുടെ മലായാളി കുസൃതിയ്ക്ക് അല്പ്പം കൂടി ആഴത്തിൽ ഈ കർമ്മത്തിൻറെ വിപത്ത് തിരിച്ചറിയുന്നതിനായിരിക്കാം ഇത്തരമൊരു ശീർഷകം. കാരണം ഇതൊരു യുദ്ധമുഖമാണ്, ഈ പരീക്ഷണ ഘട്ടത്തിൽ നാം ഓരോരുത്തരും ഈ ധീരമായ പോരാട്ടത്തിൽ പങ്കാളികളാവേണ്ടത് നിർബന്ധമാണ്; നമ്മുടെ ഒരു അശ്രദ്ധ മതി എല്ലാ കരുതലിൻറെ മറകളും തകർന്ന് ഈ യുദ്ധത്തിൽ തോറ്റുപോകുന്നതിന്.
മാസ്ക് ധരിക്കണം എന്ന പുതിയ നിയമം ഒരു ബുദ്ധിമുട്ടായി കാണാതെ അത് നല്‌കുന്ന സുരക്ഷയെക്കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരാകണം, ഇതിൻറെ പ്രാധാന്യം നമ്മുടെ കുടുംബങ്ങളെ പറഞ്ഞു മനസ്സിലാക്കണം. ജീവിത സാഹചര്യങ്ങളിൽ വൃത്തിയ്ക്കുള്ള പങ്ക് നാം തിരിച്ചറിയേണ്ടത് ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. നമ്മളിലേയ്ക്ക് ഒരു അസുഖവും വരരുത് എന്ന സ്വാർത്ഥ ചിന്തപോലെ തന്നെ ചിന്തിക്കേണ്ട ഒന്നാണ് നമ്മളിൽ നിന്നും മറ്റൊരാളിലേയ്ക്ക് അസുഖം പടരാതെ നോക്കേണ്ടതും. ഉത്തരവാദിത്വത്തോടെ മുന്നോട്ട് നീങ്ങാം, വെല്ലുവിളികളെ നേരിടാം.