COVID-19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനുവേണ്ടി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് ലക്ഷകണക്കിന് പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുവാൻ തയ്യാറായിക്കഴിഞ്ഞു.
രജിസ്റ്റർ ചെയ്തവരിൽ തിരിച്ചു പോക്ക് അനിവാര്യമായവർ ആരെല്ലാമെന്നു പരിശോധിക്കാം. വിസിറ്റിംഗ് വിസയിൽ വന്നവർ, തൊഴിൽ രഹിതർ, ഗുരുതരമായ രോഗം ബാധിച്ചവർ, ഗർഭിണികൾ, മക്കളെ കാണുവാൻ വന്ന മാതാപിതാക്കൾ, നാട്ടിലെത്തേണ്ട പ്രത്യേക സാഹചര്യമുള്ളവർ എന്ന വിഭാഗങ്ങളെ നമുക്ക് മുൻഗണനാ പ്രാധാന്യമുള്ളവരായി കണക്കാക്കാം. എന്നാൽ ഇപ്പറഞ്ഞ കാര്യങ്ങളൊന്നുമില്ലങ്കിൽ അത്തരത്തിൽ നമ്മൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ സശ്രദ്ധം ഓർക്കണം.
ഒന്നാമതായി ഈ രജിസ്‌ട്രേഷൻ നാട്ടിൽ പോകുന്നതിനു മാത്രമുള്ളതല്ല, നാട്ടിലെത്തുമ്പോൾ ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രാരംഭ പദ്ധതി കൂടിയാണ്. എങ്കിലും ഇത്തരത്തിലുള്ള രജിസ്‌ട്രേഷൻ പദ്ധതികൊണ്ട് മാത്രമാണ് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ സംഖ്യ ഇത്രത്തോളം ഉയർന്നതാണെന്ന് നാം തിരിച്ചറിഞ്ഞത്. പറയത്തക്ക കാരണമില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നമ്മൾ ഒന്നാലോചിക്കണം, “എന്തിനാണ് നാം പ്രവാസിയായത് .” നാട്ടിൽ നല്ല ജോലി ലഭിക്കാതെ, ജോലിയുണ്ടായിട്ടും സമ്പാദ്യമില്ലാതെ, ചെയ്തു വന്നിരുന്ന ബിസിനസ് നഷ്ട്ടത്തിലായി പ്രവാസം ഏറ്റെടുത്തവർ, കടങ്ങൾ വീട്ടാനായി നാട്ടിൽ നിന്നും വണ്ടി കയറിയവർ, താൻ കഷ്ട്ടപ്പെട്ടാലും കുടുംബം നന്നായിരിക്കട്ടെ എന്ന് തോന്നി അക്കരെ നാട്ടിൽ നിന്നും ഇക്കരയ്‌ക്കെത്തിയവർ, അങ്ങിനെ പല കാര്യങ്ങളിലൂടെയും പ്രവാസത്തെ പ്രണയിച്ചെത്തിയവരാണ് നമ്മളിൽ ഏറിയ പങ്കും. അല്ലാതെ വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും നേരം കളയാൻ വന്നവരല്ല പ്രവാസികൾ, തീയിൽ കുരുത്ത നമ്മുടെ മനസ്സുകൾ വെയിലേറ്റ് വാടിപ്പോവുന്നത് ശരിയാണോ.
ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു വന്ന നാം പ്രവാസികൾ, കൊറോണ പേടിയിൽ നമ്മേ പോറ്റിവളർത്തുന്ന ഈ മണ്ണ് വിട്ട് പലായനം ചെയ്യുന്നത് ഭൂഷണമല്ല. സ്വന്തം നാടിൻറെ എല്ലാ പരിഗണനയോടുംകൂടി ഈ നാട് പ്രവാസികളായ നമ്മെ പരിപാലിക്കുന്നു. വർഷങ്ങൾക്ക് മുൻപ് യുദ്ധ പ്രതിസന്ധിയിൽ വരെ ഈ നാട്ടിൽ നിന്നും ഭയപ്പെടാതെ പിടിച്ചു നിന്ന മുൻഗാമികളുണ്ട് നമ്മുടെ കൂട്ടത്തിൽ. അന്നത്തെ തൊഴിലാളികൾ പലരും യുദ്ധാനന്തര തൊഴിലുടമകളുടെ മാറി. ഒരുപക്ഷെ നിങ്ങളുടെ തൊഴിലുടമപോലും അങ്ങിനെയൊരു വ്യക്തിയാകാം. അങ്ങിനെ തൊഴിൽ തന്ന ഒരാളെ സമ്മർദ്ദത്തിലാക്കി തൊഴിൽ ചെയ്യുന്ന രാജ്യത്തോട് ഐക്യദാർഢ്യം പുലർത്താതെ സ്വന്തം സുരക്ഷിതത്വം മാത്രം ലക്ഷ്യമാക്കി നാട്ടിലേയ്ക്ക് പലായനം ചെയ്‌താൽ അവിടെ നമ്മെ കാത്തിരിക്കുന്നത് എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
14 മുതൽ 28 ദിവസം വരെ നീണ്ട് നിൽക്കുന്ന ക്വാറന്റൈൻ ഘട്ടം, സ്വന്തം മക്കളെപോലും അകറ്റി നിർത്തേണ്ട ദുരവസ്ഥ, രോഗമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞാലും നാട്ടുകാരുടെ ഭീതികലർന്ന നോട്ടവും, വീട്ടിലിരിക്കടോ എന്ന പരിഹാസവും. ജോലിയ്ക്കാണെങ്കിലോ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്തവർ 35 ലക്ഷത്തിലേറെപ്പേർ. സ്വന്തമായൊരു സംരഭം തുടങ്ങിയാൽ നിലവിലെ വിപണന സാഹചര്യം അതിന് അനുകൂലമാണെന്ന് ഉറപ്പുണ്ടോ? പ്രവാസികളാണ് നമ്മുടെ സംസ്ഥാനത്തിന്റെ സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ല്, എങ്കിലും നാം അളവിലും കൂടുതൽ ഇപ്പോൾ നാട്ടിലേയ്ക്ക് മടങ്ങിയാൽ ഇവിടെ നിന്ന് നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവുവരും, അത് കേരള സമ്പത്‌വ്യവസ്ഥയെയും സാരമായി ബാധിച്ചേക്കാം.
ഈ സമയവും കടന്നു പോകും, എടുക്കുന്ന തീരുമാനങ്ങൾ ശരിയായി ചിന്തിച്ചശേഷം, വിചാരങ്ങൾക്കും വികാരങ്ങൾക്കും മുകളിൽ വിവേകപൂർണ്ണമായിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.