ജാതി, മത, വർണ്ണ, വർഗ്ഗ ഭേദമെന്യേ മനുഷ്യൻ ഒന്നാണെന്ന് തിരിച്ചറിയേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെങ്കിലും, മനുഷ്യനെ മനുഷ്യനായി മനസ്സിലാക്കാൻ നാം കൈകൾ ശുചിയാക്കാൻ ശീലിച്ചതുപോലെ മനസ്സുകളും ശുചിയാക്കേണ്ടത് അനിവാര്യമാണ്. പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി വരുമ്പോളും നമ്മളിൽ ചിലർ കുറ്റപ്പെടുത്തലുകൾക്കും, അസംതൃപ്തി അറിയിക്കാനും, മനസ്സിലുള്ള വിദ്വേഷ ജ്വരം പടർത്തിവിടാനും ശ്രമങ്ങൾ നടത്തുന്നത് സങ്കടകരം.
ഇന്നത്തെ നൂതന സമൂഹ മാധ്യമ പ്രതലങ്ങളിൽ നമ്മളിൽ പലരും ശരിയും തെറ്റും നോക്കാതെ തന്റേതായ അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കുന്നതിൽ നിന്നും മാറി, കുറച്ചുകൂടി പക്വതയാർന്ന സമൂഹ മാധ്യമ പെരുമാറ്റ രീതികൾ ഓരോരുത്തരും ആർജ്ജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി കണക്കാക്കണം. ഇന്റർനെറ്റ് ഭിത്തിയുടെ അപ്പുറവും ഇപ്പുറവുമിരുന്നു പരസ്പ്പരം കാണുന്നില്ല എന്ന ധൈര്യത്തിൽ മനസ്സിൽ തോന്നുന്ന നൈമിഷികമായ അമർഷവും, ധൈര്യവും, വ്യക്തി വിദ്വേഷവും കലർന്ന കമെന്റുകൾ പടച്ചുവിടുന്നതിൽ ചിലർ വ്യാപൃതരാകുന്നു. ബുദ്ധിമാന്മാർ എന്ന് സമൂഹം വാഴ്ത്തുന്നവർ പോലും ഈ സമൂഹമാധ്യമ പോരുകളിൽ മനോരോഗികൾക്ക് സമാനമായി മറുപടി പറഞ്ഞും, പ്രസ്താവനകൾക്ക് മുകളിൽ പ്രസ്താവനകൾ നിരത്തിയും സമയം കളയുന്നത് ലജ്ജിക്കേണ്ട ഒന്നായി നാം മനസ്സിലാക്കണം.
ഓരോ രാജ്യത്തിനും അവരവരുടേതായ പൈതൃക പ്രതീകങ്ങളും, സാംസ്കാരിക തനിമയുമുണ്ട്. അതെല്ലാം മനസ്സിലാക്കി പരസ്പ്പരം ബഹുമാനിച്ചും സ്വസ്ഥമായും കഴിയുന്നതിൽ നിന്നും വിട്ട്, ഒരു പാടവരമ്പിൽ കള്ളിമുണ്ടുമുടുത്ത് സൊറ പറയുന്ന ലാഘവത്തിൽ, ലോകം കാണുന്ന സമൂഹമാധ്യമങ്ങളിൽ വ്യക്തിവിദ്വേഷം തീർക്കുന്നതിൽ സമയം കണ്ടെത്തുന്നു. മോശമായ ഭാഷാ പ്രയോഗം കൊണ്ട് അവനവന്റെ അസ്തിത്വത്തിനു തന്നെ കോട്ടം വരുത്തുന്ന വിവേകരഹിതമായ വിവാദങ്ങളിൽ പെട്ടുപോകുകയും, പിന്നീട് നിയമ നടപടികൾക്ക് പിന്നിൽ ഒറ്റയ്ക്ക് അലയേണ്ടി വരുന്നതും കാണുമ്പോൾ, അഭ്യസ്തവിദ്യരായ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരുന്നു.
ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ ആദ്യം നാം ഓരോരുത്തരും അണിഞ്ഞിരിക്കുന്ന ആ വർണ്ണ കണ്ണടകൾ മാറ്റിവച്ചുനോക്കൂ, അപ്പോൾ നമുക്ക് നിറങ്ങളില്ലാത്ത പച്ചമനുഷ്യനെ കാണുവാൻ സാധിക്കുന്നു. നൂതന വാർത്താ പ്രതലങ്ങൾ, സംവാദങ്ങൾ, സമൂഹ മാധ്യമ പോസ്റ്റുകൾ എന്നിവ നമ്മൾ ഓരോരുത്തരിലും ഉണ്ടാക്കുന്ന മാനസ്സിക മാറ്റങ്ങൾ നാം തിരിച്ചറിയണം. ആവശ്യമുള്ളതിൽ നിന്നും അനാവശ്യങ്ങളെ തള്ളിക്കളയുന്നതിനുള്ള വിവേകപൂർണ്ണമായ നിശ്ചയദാർഢ്യം നമ്മൾ ഓരോരുത്തയിലും സംജാതമാവണം.
ഹെലൻ കെല്ലർ അഭിപ്രായപ്പെട്ടതുപോലെ “The highest result of education is tolerance”, വിദ്യാഭ്യാസത്തിൻറെ ഏറ്റവും ഉയർന്ന നേട്ടം സഹിഷ്ണുതയാണ്. അതുകൊണ്ട് നമ്മുടെ അറിവും, അറിവുകേടും, അഭിപ്രായ പ്രതലങ്ങളും തിരിച്ചറിഞ്ഞു വേണം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ, അല്ലങ്കിൽ ഒരു ചെറിയ നാക്കബദ്ധമോ, കയ്യബദ്ധമോ മതിയാവാം ജീവിതം ഇരുളടയാൻ. നൈമിഷികമായ വികാര വിചാര വിക്ഷോഭങ്ങളെ അടക്കി നിർത്താൻ നാം ശീലിക്കണം, അതിലൂടെ മാനുഷികപരമായ സഹവർത്തിത്വം നിലനിർത്താം.