സേവനത്തിൻറെ വെളിച്ചമേന്തിയവർ

Editorial
സേവനത്തിൻറെ വെളിച്ചമേന്തിയവർ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പ്രളയം, ഉരുൾപൊട്ടൽ, പകർച്ചവ്യാധി ഇങ്ങിനെ പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് കൂട്ടായി സമൂഹത്തിൽ ഒരു കൂട്ടർ നിസ്വാർത്ഥമായ മനസ്സോടെ സേവന സന്നദ്ധരായി ഇറങ്ങിത്തിരിക്കുന്നു, നാം അവരെ ഹൃദയംകൊണ്ട് സന്നദ്ധ സേവകർ എന്ന് അഭിസംബോധന ചെയ്യുന്നു. പലപ്പോഴും ഇത്തരം സന്നദ്ധ പ്രവർത്തനത്തിനിറങ്ങുന്നവർക്കും നമുക്കെല്ലാമുള്ളതുപോലെ വിഷമവും, വ്യാകുലതകളും, കുടുംബത്തെകുറിച്ചുള്ള ആവലാതികളും എല്ലാം ഉണ്ടായിരിക്കാം, എങ്കിലും അവർ പൊതുജന സേവനത്തിന് മുൻ‌തൂക്കം കൊടുക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പലപ്പോഴും നമ്മുടെ ഭരണ സംവിധാനങ്ങൾക്കും, ഉദ്യോഗസ്ഥവൃന്ദത്തിനും ഇത്തരം സന്നദ്ധ സേവകരുടെ കൂട്ടായ്മകൾ ആശ്വാസമേകുന്നു.

സംഘടനാപരമായും , അല്ലാതെയും സന്നദ്ധ പ്രവർത്തന കൂട്ടായ്മകൾ ഉടലെടുക്കാറുണ്ട്. ഒരു ദുരന്ത മുഖത്ത് പതറാതെ കാലുറച്ച് സേനാ വിഭാഗങ്ങൾക്കും, ഭരണ സംവിധാനങ്ങൾക്കും, പോലീസുകാർക്കുമൊപ്പം നിലകൊള്ളുന്ന നല്ല മനസ്സുകളായി നമുക്ക് ഇത്തരം സന്നദ്ധ സേവകരെ മനസ്സിലാക്കാം. പലപ്പോഴും യാതൊരു നിറഭേദങ്ങളും കൂടാതെ ഒരു ദുരന്തമുഖത്തേക്ക് ഭക്ഷണപ്പൊതികളും, വസ്ത്രങ്ങളും, സാന്ത്വനവും കൊണ്ട് യാതൊരു ക്ഷണക്കത്തുകൾക്കും കാത്തുനിൽക്കാതെ അവർ സേവന സന്നദ്ധരായി എത്തുന്നു.

ഏതൊരു കാര്യത്തിനും രണ്ടു പുറമുണ്ടെന്നു പറയുന്നതുപോലെ ഇത്തരം സന്നദ്ധ സേവക സങ്കടനകളിലും കള്ളനാണയങ്ങളുണ്ടെന്നും നാം തിരിച്ചറിയണം. സുനാമി സമയത്തും, വെള്ളപ്പൊക്ക സമയത്തുമെല്ലാം സന്നദ്ധ സേവകരുടെ വേഷമണിഞ്ഞ ചിലർ മോഷണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതും നാം ഈ ഘട്ടത്തിൽ ഓർക്കണം.വ്യക്തമായ രജിസ്ട്രേഷനോ, ബൈ-ലോയോ ഒന്നുമില്ലാതെ ഒന്നോ രണ്ടോ പേർ ചേർന്ന് തുടങ്ങുന്ന ഒരു പണപ്പിരിവിനും ഇന്ന് പേര് സന്നദ്ധ സംഘടന എന്ന് കാണുമ്പോൾ സങ്കടകരം. പല ദുരന്ത മുഖത്തുനിന്നും അതിന്റെ തീവ്രതയാർന്ന സമയമത്രയും സേവന സജ്ജരായി നിന്നുകൊണ്ട്, അവിടെ നിന്നും ഒന്നും പ്രതീക്ഷിക്കാതെയും, ആരോടും പറയാതെ അടുത്ത സേവന ഘട്ടത്തിലേക്ക് നടന്നു നീങ്ങുന്ന നിസ്വാർത്ഥമായ മനസ്സുകളെയും നാം സ്മരിക്കേണ്ടതുണ്ട്.

ഈ കോറോണകാലത്ത് രോഗികൾക്കൊപ്പം നിന്ന് പ്രവർത്തിച്ചവരിൽ പലരും രോഗബാധിതരായപ്പോൾ “ഇവർക്കെല്ലാം ഭ്രാന്താണോ ഇങ്ങിനെ ഇറങ്ങിത്തിരിക്കാൻ” എന്ന് ചിന്തിക്കുന്ന നമ്മളിലെ സ്വാർത്ഥ മനസ്സുകളും ഒന്നോർക്കണം, ഒരു പ്രതിസന്ധി ഘട്ടത്തിൽ വീഴ്ചയിൽ കൈത്താങ്ങേകാൻ ഇതുപോലെ നിസ്വാർത്ഥ മനസ്സുകൾ അവശേഷിക്കുന്നതുകൊണ്ടാണ് ഈ വിശാല ഭൂമിയിൽ മനുഷ്യത്വം നിലനില്കുന്നതെന്ന സത്യം.

രാജ്യങ്ങളിലത്രയും ഒരു പോലെ നാശം വിതച്ച ഈ COVID-19 കാലത്തും ആരോഗ്യപ്രവർത്തകരോടൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി അവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഈ ഘട്ടത്തിൽ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *