യു എ ഇ: വാണിജ്യ കേന്ദ്രങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20 മുതൽ തുറന്നുകൊടുക്കും

GCC News

യു എ ഇയിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20, തിങ്കളാഴ്ച്ച മുതൽ സുരക്ഷാ നിബന്ധനകളോടെ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പരമാവധി ശേഷിയുടെ 30 ശതമാനം പേർക്കാണ് ഇവ ഉപയോഗിക്കുന്നതിനു അനുവാദം നൽകിയിരിക്കുന്നത്. COVID-19 സാഹചര്യത്തിൽ, ഏതാണ്ട് മൂന്ന് മാസത്തോളമായി ഇവ തുറന്നു കൊടുത്തിരുന്നില്ല.

പ്രാർത്ഥനകൾക്കെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും, കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളും NCEMA ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. പ്രാർത്ഥനാ മുറികൾ ഉപയോഗിക്കുന്നവർക്ക് മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്. പ്രാർത്ഥനകൾക്കെത്തുന്നവർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പായകൾ ഉപയോഗിക്കേണ്ടതാണ്. ശരീരശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കുന്നതാണ്.

പ്രാർത്ഥനകൾക്കായി എത്തുന്നവർ അൽഹൊസൻ COVID-19 ട്രാക്കിംഗ് ആപ്പ് നിർബന്ധമായും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഓരോ പ്രാർത്ഥനകൾക്ക് ശേഷവും ഈ മുറികൾ അണുവിമുക്തമാക്കുന്നതാണെന്നും, അടുത്ത നമസ്കാര സമയം വരെ അടച്ചിടുന്നതാണെന്നും NCEMA വ്യക്തമാക്കിയിട്ടുണ്ട്.