രാജ്യത്തെ പള്ളികൾ, പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്നും, മതപരമായ ഒത്തുചേരലുകൾ, കൂട്ടായ പ്രാർത്ഥനകൾ മുതലായവയ്ക്കുള്ള താത്കാലിക വിലക്കുകൾ തുടരാനും ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു. ഇതു സംബന്ധിച്ച ചർച്ചകൾക്ക് ശേഷം, രാജ്യത്തെ COVID-19 രോഗബാധയുടെ തോത് അധികൃതർ ഉദ്ദേശിക്കുന്ന സുരക്ഷിതമായ നിലയിലേക്ക് താഴുന്നത് വരെ ഈ വിലക്കുകൾ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കൗൺസിൽ വ്യക്തമാക്കി.
ജനങ്ങൾ ഒരുമിച്ച് ചേർന്ന് ഇടപഴകുന്ന സാഹചര്യങ്ങൾ രോഗബാധയുടെ സാധ്യത വർധിപ്പിക്കുന്നതായി കൗൺസിൽ നിരീക്ഷിച്ചു. ഇതിനാൽ, രാജ്യത്തെ പള്ളികൾ തുറക്കുന്നത് നീട്ടിവെക്കാനും, രോഗവ്യാപനത്തിന്റെ തോത് കുറയുന്നതിനനുസരിച്ച് വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം നൽകാമെന്നുമുള്ള തീരുമാനത്തിലേക്ക് കൗൺസിൽ എത്തുകയായിരുന്നു. ബഹ്‌റൈനിലെ മതപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള കൗൺസിൽ, കൃത്യമായ ഇടവേളകളിൽ രാജ്യത്തെ രോഗവ്യാപന സാഹചര്യം വിലയിരുത്തിവരികയാണ്.