സൗദി അറേബ്യയിലെ നജ്‌റാൻ മേഖലയിൽ നിന്ന് ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. 2023 ഫെബ്രുവരി 15-നാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
നജ്‌റാൻ മേഖലയിലെ അൽ ഉഖ്‌ദുദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളിലാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.
പ്രാചീന സൗത്ത് അറേബ്യൻ ലിപിയായ മുസ്‌നദിലുള്ള മുദ്രണങ്ങൾ, സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള മൂന്ന് മോതിരങ്ങൾ, ഒരു കാളയുടെ വെങ്കല പ്രതിമ മുതലായവ ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.
സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിൽ നിലനിന്നിരുന്ന പ്രാചീന സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളാണിവയെന്ന് ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. ഈ പുരാവസ്തു അവശേഷിപ്പുകൾ അത്യന്തം അപൂര്‍വ്വവും, ആവേശമുണര്‍ത്തുന്നവയുമാണെന്ന് ഹെറിറ്റേജ് കമ്മീഷൻ കൂട്ടിച്ചേർത്തു.
പ്രാചീന മുസ്‌നദ് ലിപിയിലുള്ള മുദ്രണങ്ങൾ വലിയ ഒരു കരിങ്കൽ പാളിയിൽ കൊത്തിയ നിലയിലാണ് കണ്ടെത്തിയത്. ഏതാണ്ട് 230 സെന്റിമീറ്റർ വീതിയും, 48 സെന്റിമീറ്റർ ഉയരവുമുള്ള ഈ കരിങ്കൽ പാളി ഈ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് ലഭിച്ച ഏറ്റവും നീളമേറിയ മുദ്രണത്തോട് കൂടിയുള്ളതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ മേഖലയിൽ അധിവസിച്ചിരുന്ന വഹിബ് ഐൽ ബിൻ മഗൻ എന്ന വ്യക്തിയുടെ പേരിലുള്ള ഈ ലിഖിതത്തിൽ ഒരു ജലവാഹകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ തൊഴിലിനെക്കുറിച്ചുള്ള വിവരണങ്ങളാണുള്ളത്.
പ്രദേശത്ത് നിന്ന് കണ്ടെത്തിയ സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള മൂന്ന് മോതിരങ്ങൾ ഏതാണ്ട് ഒരേ വലിപ്പത്തിലുള്ളതാണ്.
ഇവയിൽ പൂമ്പാറ്റയുടെ രൂപത്തിലുള്ള സ്വർണ്ണത്തിൽ തീർത്ത ഒരു തൊങ്ങല്‍ പോലുള്ള ഭാഗം, രണ്ടറ്റങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള ചെറിയ ഒരു പൂട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ നിന്ന് ലഭിച്ചിട്ടുള്ള വെങ്കലത്തിൽ തീർത്ത കാളയുടെ തല ദക്ഷിണ അറേബ്യയിൽ നിലനിന്നിരുന്ന ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിലെ സംസ്കാരങ്ങളിൽ വളരെ സാധാരണയായി കണ്ട് വന്നിരുന്നതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശക്തി, സമ്പുഷ്‌ടത തുടങ്ങിയവയുടെ പ്രതീകമായി കരുതുന്ന ഈ രൂപം മറ്റു നാഗരികതകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വിവിധ വലിപ്പങ്ങളിലുള്ള മൺപാത്രങ്ങൾ, ഭരണികൾ എന്നിവയും, ബി സി മൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു മണ്‍പാത്രം എന്നിവയും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Cover Image: Saudi Heritage Commission.