എമിറേറ്റിലെ ഭക്ഷ്യവിഭവങ്ങളുടെയും, പലവ്യഞ്ജനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) പുറത്തിറക്കി. റെസ്റ്ററാൻറ്റുകൾ, ഗ്രോസറി സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വീടുകളിലേക്കും മറ്റും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് COVID-19 രോഗ സംബന്ധമായതും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിനാവശ്യമായതുമായ ബോധവത്‌കരണം സ്ഥാപനങ്ങളിൽ നിന്ന് നൽകേണ്ടതാണ്.
ഇത്തരം വിതരണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:
- ജീവനക്കാർക്ക് നിർബന്ധമായും COVID-19 രോഗബാധ, വൈറസ് രോഗബാധയുടെ സാധ്യതകൾ, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ എന്നിവയിൽ ബോധവത്കരണവും, പരിശീലനവും നൽകേണ്ടതാണ്.
- ഭക്ഷണം, ആവശ്യവസ്തുക്കൾ എന്നിവ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക്, ഇത്തരം ഉത്പന്നങ്ങൾ പൊതിഞ്ഞു കൊണ്ടുവരാൻ ഉപയോഗിച്ച വസ്തുക്കൾ നശിപ്പിച്ച് കളയാൻ നിർദ്ദേശം നൽകേണ്ടതാണ്.
- ഇത്തരം ജീവനക്കാർ എല്ലാ സമയവും 2 മീറ്ററെങ്കിലും സമൂഹ അകലം പാലിക്കേണ്ടതാണ്.
- ജീവനക്കാരുടെ ദൈനംദിന ആരോഗ്യ സ്ഥിതി നിരീക്ഷിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരോട് വീടുകളിൽ തുടരാൻ നിർദ്ദേശിക്കേണ്ടതാണ്.
- പണമിടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.