ഏതാനം ദിവസങ്ങളായി താത്‌കാലികമായി നിർത്തിവച്ചിരുന്ന പ്രിന്റ് രൂപത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനം മസ്‌കറ്റ് വിമാനത്താവളത്തിൽ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. സേവനവുമായി ബന്ധപ്പെട്ട ഏതാനം സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായാണ് ഈ സേവനം നിർത്തിവെച്ചിരുന്നത്. ഒക്ടോബർ 14, ബുധനാഴ്‌ച്ചയാണ് ഒമാൻ എയർപോർട്ട്സ് ഇക്കാര്യം അറിയിച്ചത്.
COVID-19 പരിശോധനകൾക്കായി എത്തുന്നവരിൽ നിന്നു ലഭിച്ച അഭിപ്രായങ്ങൾ പ്രകാരം, ഈ സേവനം നൽകുന്ന രീതിയിൽ ഏതാനം മാറ്റങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായാണ് ഈ സേവനം താത്‌കാലികമായി നിർത്തലാക്കിയിരുന്നതെന്ന് ഒമാൻ എയർപോർട്ട്സ് അറിയിപ്പിലൂടെ വ്യക്തമാക്കി. ഈ സേവനം പുനരാരംഭിച്ചതായും, മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത്, P5 പാർക്കിംഗ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് പ്രിന്റ് രൂപത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഇത്തരം ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് പരിശോധിക്കാൻ താത്പര്യമുള്ളവർക്ക് https://covid19.moh.gov.om/#/ob-drivethru എന്ന വിലാസത്തിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് ഒമാൻ എയർപോർട്ട്സ് നേരത്തെ അറിയിച്ചിരുന്നു.