അബുദാബി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാലയങ്ങളിൽ നേരിട്ട് അധ്യയനം നൽകുന്നതിന് അനുമതി

GCC News

അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതിയിൽ പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK), അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി എന്നിവരാണ് എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഇത്തരത്തിൽ അധ്യയനം ആരംഭിക്കാൻ അനുമതി നൽകിയത്.

ഓരോ വിദ്യാലയങ്ങൾക്കും, മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയ ശേഷം പുതിയ അധ്യയന വർഷത്തിലെ ഒന്നാം ടേമിൽ ആവശ്യമെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി പൂർണ്ണമായി ഒഴിവാക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്.

പുതിയ അധ്യയന വർഷത്തിൽ അബുദാബിയിലെ സ്വകാര്യ വിദ്യാലങ്ങൾക്ക് നൽകിയിട്ടുള്ള പ്രവർത്തന നിർദ്ദേശങ്ങൾ:

  • പുതിയ അധ്യയന വർഷത്തിൽ എല്ലാ അധ്യാപകർക്കും, 12 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും COVID-19 ടെസ്റ്റിംഗ് നിർബന്ധമാണ്.
  • പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് അധ്യയനം നടത്തുന്നതിന് അഞ്ച് മാതൃകകളാണ് നൽകിയിട്ടുള്ളത്. ഓരോ വിദ്യാലയത്തിനും അനുയോജ്യമായ നേരിട്ടുള്ള പഠനരീതികളും, വിദൂര വിദ്യാഭ്യാസ രീതികളും ഈ മാതൃകകളിൽ നിന്ന് മാനദണ്ഡങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കാവുന്നതാണ്.
  • എല്ലാ സ്വകാര്യ വിദ്യാലയങ്ങൾക്കും നടപ്പിലാക്കേണ്ട അണുനശീകരണമുൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് ADEK അധികൃതർ വിദ്യാലയങ്ങൾ സന്ദർശിച്ച് പരിശോധനകൾ നടത്തുന്നതാണ്.
  • കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 5 വരെയുള്ള വിദ്യാർത്ഥികൾക്ക് അധ്യയന വർഷത്തിന്റ ആദ്യ ദിനങ്ങൾ മുതലും, മറ്റുള്ള വിദ്യാർത്ഥികൾക്ക് അധ്യയന വർഷം ആരംഭിച്ച് 4 ആഴ്ചകൾക്ക് ശേഷവും മാത്രം വിദ്യാലയങ്ങളിൽ പ്രവേശനം നൽകേണ്ടതാണ്.

പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് അധ്യയനം നടത്തുന്നതിന് തിരഞ്ഞെടുക്കാവുന്ന അഞ്ച് മാതൃകകൾ:

  • ദിനം മുഴുവൻ വിദ്യാലയങ്ങളിൽ വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതി.
  • വിദ്യാലയങ്ങളിൽ വിദ്യാർഥികൾ പകുതി ദിനം നേരിട്ട് ഹാജരാകുന്ന രീതി.
  • ഇടവിട്ടുള്ള ദിനങ്ങളിൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതി.
  • ഇടവിട്ടുള്ള ആഴ്ചകളിൽ നേരിട്ടുള്ള അധ്യയനവും, ഓൺലൈൻ അധ്യയനവും മാറി മാറി നൽകുന്ന രീതി.
  • ഇവയെല്ലാം ഇടകലർന്ന അധ്യയന രീതി.

പുതിയ അധ്യയന വർഷത്തിൽ അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ചും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകിയിട്ടുണ്ട്.