ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് ഉയർത്തില്ലെന്ന് KHDA

GCC News

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2022-2023 അധ്യയന വർഷത്തിലെ സ്‌കൂൾ ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2022 മാർച്ച് 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഈ വർഷത്തെ വാർഷിക വിദ്യാഭ്യാസ ചെലവുകളുടെ സൂചികയായ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ECI) പുറത്ത് വിട്ടതോടെയാണ് KHDA ഈ അറിയിപ്പ് നൽകിയത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഈ വർഷത്തെ ECI -1.01 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് -2.58 ശതമാനമായിരുന്നു.

വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ചെലവുകളിൽ വാർഷികാടിസ്ഥാനത്തിൽ വരുന്ന മാറ്റങ്ങൾ ECI-യിലൂടെ കണക്കാക്കുന്നതാണ്. വാടക, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിശോധനാ ഫലങ്ങളും വാർഷിക ECI നിലവാരവും അടിസ്ഥാനമാക്കിയാണ് അവയുടെ ഫീസ് ഓരോ വർഷവും പുതുക്കി നിർണയിക്കുന്നതിനുള്ള അനുമതി ലഭിക്കാറുള്ളത്.

തുടർച്ചയായി ഇത് മൂന്നാം വർഷമാണ് KHDA ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നത്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2020-2021, 2021-2022 അധ്യയന വർഷങ്ങളിലും ഫീസ് നിരക്കുകൾ ഉയർത്താൻ അനുമതി നൽകിയിരുന്നില്ല.

Cover Image: WAM.