ദുബായ്: 2021-2022 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് KHDA

UAE

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. മാർച്ച് 15-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

തുടർച്ചയായി ഇത് രണ്ടാം വർഷമാണ് KHDA ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നത്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2020-2021 അധ്യയന വർഷത്തിലും ഫീസ് നിരക്കുകൾ ഉയർത്താൻ അനുമതി നൽകിയിരുന്നില്ല.

ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഈ വർഷത്തെ വാർഷിക വിദ്യാഭ്യാസ ചെലവുകളുടെ സൂചികയായ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ECI) പുറത്ത് വിട്ടതോടെയാണ് KHDA ഈ അറിയിപ്പ് നൽകിയത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഈ വർഷത്തെ ECI -2.58 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് -2.35 ശതമാനമായിരുന്നു.

വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ചെലവുകളിൽ വാർഷികാടിസ്ഥാനത്തിൽ വരുന്ന മാറ്റങ്ങൾ ECI-യിലൂടെ കണക്കാക്കുന്നതാണ്. വാടക, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിശോധനാ ഫലങ്ങളും വാർഷിക ECI നിലവാരവും അടിസ്ഥാനമാക്കിയാണ് അവയുടെ ഫീസ് ഓരോ വർഷവും പുതുക്കി നിർണയിക്കുന്നതിനുള്ള അനുമതി ലഭിക്കാറുള്ളത്.