സൗദി: പ്രവാചകന്റെ പള്ളിയിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി

GCC News

റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പ്രവാചകന്റെ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായതായി സൗദി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജനറൽ പ്രസിഡൻസി ഓഫ് ദി പ്രൊഫറ്റ്സ് മോസ്ക് അഫയേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പ് സൗദി പ്രസ് ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റമദാനിലെ ഏറ്റവും പുണ്യ ദിനങ്ങളായി കണക്കാക്കുന്ന അവസാന പത്ത് ദിനങ്ങളിൽ സാധാരണയായി വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ ദിവസങ്ങളിലെത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും, വിശ്വാസികൾക്ക് സുഗമമായി തീർത്ഥാടനം നിർവഹിക്കുന്നതിനും ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറായതായി അധികൃതർ വ്യക്തമാക്കി. ഇതിനായുള്ള പ്രത്യേക പദ്ധതിയുടെ രൂപരേഖ ആരോഗ്യ, സുരക്ഷാ വിഭാഗങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിചേർത്തു.

തീർത്ഥാടകർക്ക് തങ്ങളുടെ അനുഷ്ഠാനനങ്ങൾ തടസങ്ങളില്ലാതെ നിർവഹിക്കുന്നതിനും, അവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കുന്നതിനും പ്രവാചകന്റെ പള്ളിയിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പള്ളിയും, ചുറ്റുമുള്ള പ്രദേശങ്ങളും വൃത്തിയായും, ശുചിയായും വെക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

ഗ്രാൻഡ് മോസ്കിലും സമാനമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അണുനശീകരണം, ശുചീകരണം, ഗതാഗതം മുതലായ വിവിധ മേഖലകളിലും ഈ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രാൻഡ് മോസ്കിൽ മാത്രം ശുചീകരണ പ്രവർത്തനങ്ങൾക്ക് 4000 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

റമദാനിലെ അവസാന 10 ദിനങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ ഉംറ തീർത്ഥാടകരെ പ്രതീക്ഷിക്കുന്നതായി ഹജ്ജ് മന്ത്രാലയം

അതേസമയം, റമദാനിലെ അവസാന 10 ദിനങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ ഉംറ തീർത്ഥാടകർ സൗദിയിലെത്തുമെന്ന് ഹജ്ജ് ആൻഡ് ഉംറ വകുപ്പ് ഉപമന്ത്രി ഡോ. അബ്ദുൽഫത്താ മഷാത് വ്യക്തമാക്കി. ഇവരെ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക തയ്യാറെടുപ്പുകൾ പൂർത്തിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ ഉംറ പെർമിറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളെ കുറിച്ച് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിലേക്കുള്ള പെർമിറ്റ് എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പുലർത്താൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം വെബ്സൈറ്റുകൾക്ക് സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.