കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ബഹ്റൈനിലെ പൗരന്മാർക്കും, നിവാസികൾക്കും വലിയ കടമകൾ ഉള്ളതായി പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധ നിർദ്ദേശങ്ങളെക്കുറിച്ചുള്ള പൊതു അവബോധം, രാജ്യത്ത് നടപ്പിലാക്കുന്ന COVID-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിര്ണ്ണായകമായ പങ്ക് വഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും ബോധവത്കരണം നൽകുന്ന നടപടികൾ പോലീസ് വകുപ്പുകൾ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്കുകളുടെ ഉപയോഗം, പൊതു ഇടങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം മുതലായ വിഷയങ്ങളിൽ പൊതു അവബോധം വളർത്തുന്നതിന് അധികൃതർ മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇത്തരം നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തി, നിയമലംഘകർക്ക് പിഴ ശിക്ഷകൾ ചുമത്തുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങളും പോലീസ് രാജ്യവ്യാപകമായി മികച്ച രീതിയിൽ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു.
“പൊതുഇടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ചകൾക്ക് ഇതുവരെ 22462 പേർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിൽ മാത്രം, സമൂഹ അകലം പാലിക്കുന്നതിൽ 1518 ലംഘനങ്ങളും, മാസ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 4933 ലംഘനങ്ങളും രേഖപെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ ഇതുവരെ 521 ബോധവത്കരണ പ്രചാരണ പരിപാടികളും അധികൃതർ നടപ്പിലാക്കി.”, അദ്ദേഹം അറിയിച്ചു.
“ക്യാപിറ്റൽ ഗവർണറേറ്റിൽ സമൂഹ അകലം പാലിക്കുന്നതിൽ 358 വീഴ്ചകളും, മാസ്കുകളുടെ ഉപയോഗത്തിൽ 3708 ലംഘനങ്ങളും രേഖപ്പെടുത്തി. ഈ മേഖലയിൽ 570 ബോധവത്കരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. മുഹറഖിൽ 954 ബോധവത്കരണ പ്രചാരണ പരിപാടികളും, സമൂഹ അകലം പാലിക്കുന്നതിൽ 1082 ലംഘനങ്ങളും, മാസ്കുകളുടെ ഉപയോഗത്തിൽ 5670 ലംഘനങ്ങളും കണ്ടെത്തി രേഖപ്പെടുത്തുകയുണ്ടായി.”, അദ്ദേഹം വ്യക്തമാക്കി. സൗത്തേൺ ഗവർണറേറ്റിൽ 362 ബോധവത്കരണ പ്രചാരണ പരിപാടികളും, സമൂഹ അകലം പാലിക്കുന്നതിൽ 2276 ലംഘനങ്ങളും, മാസ്കുകളുടെ ഉപയോഗത്തിൽ 2879 ലംഘനങ്ങളും രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.