ഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ് സർവീസുകൾ പ്രഖ്യാപിച്ചു. ഇത്തരം വിമാനസർവീസുകളിൽ യാത്രചെയ്യാൻ അനുവാദമുള്ളവരെ സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചിട്ടുള്ള നിബന്ധനകൾ നേരത്തെ ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിന് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയവും, ഖത്തറിലെ വ്യോമയാന അതോറിറ്റിയും ധാരണയിലെത്തിയിരുന്നു. ഈ തീരുമാനപ്രകാരം ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ, ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതിന് അനുവാദം നൽകുകയുണ്ടായി.
ഈ സേവനങ്ങളുടെ ഭാഗമായി ഏതാനം നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് യാത്രകൾ അനുവദിക്കുന്നതെന്നും, ചില പ്രത്യേക വിഭാഗം യാത്രികർക്കാണ് യാത്രാനുമതി ഉണ്ടായിരിക്കുക എന്നും ഖത്തർ എയർവേസ് തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രകൾക്ക് അനുവാദമുള്ളവർ:
- ഖത്തർ പൗരന്മാർ.
- ഖത്തറിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ. ഇത്തരക്കാർക്ക് രാജ്യത്തേക്ക് മടങ്ങാൻ ഖത്തർ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ നിർബന്ധമാണ്.
നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനത്തെകുറിച്ചുള്ള വിവരങ്ങൾ മുകളിൽ നൽകിയ വിലാസത്തിൽ ലഭ്യമാണ്.
ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് അനുവാദമുള്ളവർ:
- ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ.
- ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഖത്തർ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ).
ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ https://www.qatarairways.com/en-in/offers/special-flights-to-doha.html എന്ന വിലാസത്തിൽ ലഭ്യമാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപായി യാത്രികന് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.