സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ്‌ സർവീസ് നടത്തുന്നു

GCC News

ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് സർവീസ് നടത്തുന്നത്.

ഈ സേവനങ്ങളുടെ ഭാഗമായി ഏതാനം നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് യാത്രകൾ അനുവദിക്കുന്നതെന്നും, ചില പ്രത്യേക വിഭാഗം യാത്രികർക്കാണ് യാത്രാനുമതി ഉണ്ടായിരിക്കുക എന്നും ഖത്തർ എയർവേസ്‌ തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് അനുവാദമുള്ളവർ:

  • ഖത്തറിലുള്ള ഇന്ത്യൻ പൗരന്മാർ.
  • ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OIC) കാർഡ് ഉള്ള ഖത്തർ പാസ്സ്‌പോർട്ട് ഉള്ളവർ.
  • ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഖത്തർ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ).

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രകൾക്ക് അനുവാദമുള്ളവർ:

  • ഖത്തർ പൗരന്മാർ.
  • ഖത്തറിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ. ഇത്തരക്കാർക്ക് രാജ്യത്തേക്ക് മടങ്ങാൻ ഖത്തർ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ ICMR അംഗീകൃത ലാബുകളിൽ നിന്ന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ https://www.qatarairways.com/en-in/offers/special-flights-to-doha.html എന്ന വിലാസത്തിൽ ലഭ്യമാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപായി യാത്രികന് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.

ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, 2020 ഒക്ടോബർ 31 വരെ ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 18 മുതൽ 31 വരെയുള്ള കാലയളവിൽ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ്‌ സർവീസുകൾ നടത്തുകയുണ്ടായി.