ലോകകപ്പ് 2022: പ്രത്യേക അലങ്കാരങ്ങളുള്ള ബോയിങ്ങ് 777 വിമാനവുമായി ഖത്തർ എയർവേസ്

GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ലോഗോ ഉൾപ്പടെയുള്ള പ്രത്യേക അലങ്കാരങ്ങളോട് കൂടിയ ഒരു ബോയിങ്ങ് 777 വിമാനം ഖത്തർ എയർവേസ് അവതരിപ്പിച്ചു. യു കെയിൽ വെച്ച് നടക്കുന്ന ഫാൺബറ ഇന്റർനാഷണൽ എയർഷോ 2022-ൽ വെച്ചാണ് ഖത്തർ എയർവേസ് ഈ 777-300ER വിമാനം അവതരിപ്പിച്ചത്.

എയർഷോയുടെ ഭാഗമായി സന്ദർശകർക്ക് ഈ വിമാനത്തിലെ കാഴ്ചകൾ അടുത്തറിയുന്നതിനായി ഖത്തർ എയർവേസ് പ്രത്യേക ടൂർ പരിപാടി സംഘടിപ്പിച്ചിരുന്നു. ഫിഫയുമായുള്ള പങ്കാളിത്തം കൊണ്ടാടുന്നതിനായി ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ലോഗോ ഈ വിമാനത്തിൽ കൈകൊണ്ട് വരച്ച് ചേർത്തതാണെന്ന് ഖത്തർ എയർവേസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് തുടങ്ങാനിരിക്കുന്ന വേളയിൽ, ഈ ഫുട്ബോൾ മാമാങ്കം സംഘടിപ്പിക്കുന്നതിനായി ഖത്തർ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റ പ്രതീകം കൂടിയാണ് ഈ വിമാനമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി ഇ ഓ അക്ബർ അൽ ബക്കർ വ്യക്തമാക്കി.

Cover Image: Qatar News Agency.