കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ, വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ എന്നിവ ഇത് ഫലപ്രദമായി തടയുന്നതിന് പര്യാപ്തമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം 2021 ഡിസംബർ 17-ന് രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദം വളരെയധികം ജനിതക മാറ്റങ്ങൾ പ്രകടമാക്കുന്നതായും, ഇതുവരെ അറുപതിലധികം രാജ്യങ്ങളിലേക്ക് ഈ വകഭേദം വ്യാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി വളരെക്കൂടുതലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതിനാൽ പൊതുജനങ്ങൾ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് അർഹതയുള്ള മുഴുവൻ പേരും അത് സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ബൂസ്റ്റർ ഡോസുകൾ സുരക്ഷിതമാണെന്ന് മന്ത്രാലയം അറിയിച്ചു. COVID-19 വൈറസിന്റെ വകഭേദങ്ങൾക്കതിരെ രോഗപ്രതിരോധ ശേഷി നേടുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വിദേശയാത്രയ്ക്ക് ശേഷം ഖത്തറിൽ മടങ്ങിയെത്തിയ പൗരന്മാരും, പ്രവാസികളുമായ നാല് പേരിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.