രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഈ തീരുമാനപ്രകാരം, ഖത്തറിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന ഒമ്പത് പ്രദേശങ്ങളിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ കുട്ടികളെ 2022-23 അധ്യയന വർഷത്തിൽ അത്തരം ഇടങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിൽ ചേർക്കാവുന്നതാണ്.
ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം പ്രദേശങ്ങളിൽ താമസിച്ച് തൊഴിലെടുക്കുന്ന പ്രവാസികൾക്കാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
അൽ ഷമാൽ സിറ്റി, ദുഖാൻ സിറ്റി, അൽ കരാന, അൽ ഗുവൈറിയ, അൽ സുബ്റ, അൽ ഖരാസ, അൽ കഅബാൻ, അൽ ജാമിലിയ, റൗദത് റാഷിദ് എന്നീ പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്കാണ് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി ലഭിക്കുന്നത്. റൗദത് റാഷിദ് ഒഴികെയുള്ള മറ്റു എട്ട് പ്രദേശങ്ങളിലെ സർക്കാർ വിദ്യാലയങ്ങൾ പ്രവാസികളായ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഈ അനുമതി നൽകിയിട്ടുണ്ട്. റൗദത് റാഷിദിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഖത്തറിലെ മറ്റു പ്രദേശങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിൽ ഖത്തർ പൗരന്മാരായ വിദ്യാർത്ഥികൾ, ഖത്തർ സ്ത്രീകളുടെ കുട്ടികൾ, മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഖത്തറിലെ സർക്കാർ വകുപ്പുകളിൽ തൊഴിലെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുട്ടികൾ തുടങ്ങിയവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.