ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. 2025 ഫെബ്രുവരി 18-ന് ന്യൂ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയെയും അദ്ദേഹത്തെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധിസംഘത്തെയും ഇന്ത്യൻ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തനിക്ക് നൽകിയ ഹാർദ്ദവമായ സ്വീകരണത്തിൽ ഖത്തർ അമീർ നന്ദി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ അദ്ദേഹം പ്രത്യേകം എടുത്ത് കാട്ടി. ഖത്തറിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനും, പരസ്പര സഹകരണം, കൂടിയാലോചനകൾ എന്നിവയ്ക്കായും, വാണിജ്യ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനുമായും ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാം ഔദ്യോഗിക സന്ദർശനത്തിൽ ഖത്തർ അമീർ അത്യധികം സന്തോഷം രേഖപ്പെടുത്തി.

ഇന്ത്യൻ പ്രധാനമന്ത്രിയുടെയും, ഖത്തർ അമീറിന്റെയും സാന്നിധ്യത്തിൽ ഇരു സർക്കാരുകളും രണ്ട് കരാറുകളിൽ ഒപ്പ് വെച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനും, ഇരട്ട നികുതി ഒഴിവാക്കുന്നതിനുമുള്ള കരാറുകളിലാണ് ഇന്ത്യയും, ഖത്തറും ഒപ്പ് വെച്ചിരിക്കുന്നത്.

ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽ താനി, ചീഫ് ഓഫ് അമീരി ദിവാൻ H.E. അബ്ദുല്ലഹ ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഊർജ്ജകാര്യ വകുപ്പ് സഹമന്ത്രി H.E. സാദ് ബിൻ ഷെരിദാ അൽ കാബി, തൊഴിൽവകുപ്പ് മന്ത്രി H.E. ഡോ. അലി ബിൻ സയീദ് അൽ മാരി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയുഷ് ഗോയൽ, തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവിയ, പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.