റാസ് അബു അബൗദ് സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ശർഖ് ഇന്റർസെക്ഷനിൽ നിന്ന് അൽ റുഫ ഇന്റർസെക്ഷനിലേക്ക് പോകുന്ന ലെയിൻ, സി-റിംഗ് റോഡിൽ നിന്ന് അൽ റുഫയിലേക്ക് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ലെയിൻ എന്നിവയാണ് താത്കാലികമായി അടയ്ക്കുന്നത്.
2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് ദിനവും രാത്രി 11 മണിമുതൽ പുലർച്ചെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം. കോർണിഷിലേക്കുള്ള ലെയിൻ, ഇടത്തോട്ട് തിരിഞ്ഞ് സി-റിംഗ് റോഡിലേക്ക് പോകുന്ന ലെയിൻ എന്നിവയിൽ ഗതാഗതം തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ശർഖ് ഇന്റർസെക്ഷനിൽ നിന്ന് അൽ റുഫ ഇന്റർസെക്ഷനിലേക്ക് പോകുന്ന വാഹനങ്ങൾ മറ്റു റോഡുകൾ ഉപയോഗിക്കേണ്ടതാണ്.
റാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ദോഹയിലേക്കുള്ള സർവീസ് റോഡിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, റാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ദോഹയിലേക്കുള്ള സർവീസ് റോഡിൽ ഓഗസ്റ്റ് 19-ന് രാത്രി 1 മണിമുതൽ രാവിലെ 10 മണിവരെയും, ഓഗസ്റ്റ് 20-ന് രാത്രി 1 മണിമുതൽ പുലർച്ചെ 5 മണിവരെയും ഗതാഗതം അനുവദിക്കുന്നതല്ല. 974 സ്റ്റേഡിയത്തിലേക്കുള്ള കാൽനടയാത്രികർക്കുള്ള മേൽപ്പാലത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ നിയന്ത്രണം.