ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

GCC News

രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 30-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് രോഗബാധയേൽക്കുന്നതിന് ഉയർന്ന സാധ്യതയുള്ളവർക്ക് ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിനുകളുടെ നാലാമതൊരു ഡോസ് നൽകുന്നതിനാണ് മന്ത്രാലയം അംഗീകാരം നൽകിയത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് നാലാം ഡോസ് നൽകുന്നതിനാണ് മന്ത്രാലയം ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

COVID-19 വാക്സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ) കുത്തിവെപ്പ് സ്വീകരിച്ച് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നാലാം ഡോസ് നൽകുന്നത്. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പുറമെ താഴെ പറയുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും ഈ വാക്സിൻ ലഭ്യമാക്കുന്നതാണ്:

  • ബ്ലഡ് ക്യാൻസർ, ട്യൂമർ മുതലായ രോഗങ്ങൾക്ക് ക്യാൻസർ ചികിത്സ സ്വീകരിക്കുന്നവർ.
  • അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശേഷം രോഗപ്രതിരോധ ശേഷി സംബന്ധമായ മരുന്നുകൾ കഴിക്കുന്നവർ.
  • കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയരായ ശേഷം രോഗപ്രതിരോധ ശേഷി സംബന്ധമായ മരുന്നുകൾ കഴിക്കുന്നവർ.
  • രോഗപ്രതിരോധ ശേഷി സംബന്ധമായ അസുഖ ബാധിതർ.
  • HIV രോഗബാധിതർ.
  • കിഡ്‌നി സംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ.

ഇത്തരത്തിൽ നാലാം ഡോസിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ നിന്നോ, ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നോ നേരിട്ട് ബന്ധപ്പെടുന്നതാണ്. മേല്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 4027 7077 എന്ന നമ്പറിൽ വാക്സിൻ ബുക്കിങ്ങിനായി വിളിക്കാവുന്നതാണ്.