ഖത്തർ: അൽ വാബ്‌ സ്ട്രീറ്റിൽ 2 പുതിയ ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി

GCC News

അൽ വാബ്‌ സ്ട്രീറ്റിൽ പുതിയതായി രണ്ട് ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി. അൽ വക്രയിലെ ഒരു ഉൾറോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇതോടൊപ്പം അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, അൽ വാബ്‌ സ്ട്രീറ്റിൽ താഴെ പറയുന്ന രണ്ട് ഇന്റർസെക്‌ഷനുകളാണ് അതോറിറ്റി പുതിയതായി ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്:

  • ബായ ഇന്റർസെക്ഷൻ – 2021 ഡിസംബർ 25, ശനിയാഴ്ച്ച തുറന്ന് കൊടുക്കും.
  • ഖലീഫ ഒളിമ്പിക് സിറ്റി ഇന്റർസെക്ഷൻ – 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച തുറന്ന് കൊടുക്കും.

ഈ രണ്ട് പുതിയ ഇന്റർസെക്ഷനുകൾ അൽ അസീസിയ, അൽ വാബ്‌, മെഹെയർജ, മുറയ്ഖ്, മുഐതീർ തുടങ്ങിയ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ട്രാഫിക് സുഗമമാക്കുന്നതിന് സഹായകമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആസ്പയർ സോൺ, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഈ പുതിയ ഇന്റർസെക്ഷനുകൾ സഹായകമാണ്.

ഇതിന് പുറമെ അൽ വക്ര റോഡിനെ ഇബ്ൻ സീന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന വീതി ഡിസംബർ 21 മുതൽ ഒരു മാസത്തേക്ക് അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ ഇതുവഴി യാത്രചെയ്യുന്നവർക്ക് അൽ സുവൈർ സ്ട്രീറ്റിലൂടെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.