ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് 2022 ഏപ്രിൽ 1-ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.
ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അതിഗംഭീരമായ ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി പങ്കെടുത്തിരുന്നു.
യൂറോപ്പിലെ യുദ്ധ സാഹചര്യങ്ങളും, കൊറോണ വൈറസ് വ്യാപനവും മൂലം യോഗ്യതാ റൌണ്ട് മത്സരങ്ങൾ നീണ്ടതോടെ പ്ലേ-ഓഫ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് നടത്തുകയായിരുന്നു.
ഏപ്രിൽ 1-ന് നടന്ന ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ൽ പങ്കെടുക്കുന്ന ആകെ 32 ടീമുകളിൽ 29 ടീമുകളുടെയും മത്സരക്രമം ഉറപ്പാക്കിയിട്ടുണ്ട്. ശേഷിച്ച 3 ടീമുകളെ ജൂണിൽ നടക്കുന്ന പ്ലേ-ഓഫ് മത്സരങ്ങളുടെ ഫലം അനുസരിച്ച് തിരഞ്ഞെടുക്കുന്നതാണ്.
ഈ മൂന്ന് സ്ഥാനങ്ങൾക്കായി യു എ ഇ, ഓസ്ട്രേലിയ, പെറു, കോസ്റ്റാറിക്ക, ന്യൂസീലാൻഡ്, വെയിൽസ്, സ്കോട്ട്ലാൻഡ്, യുക്രൈൻ എന്നീ എട്ട് ടീമുകൾ മത്സരിക്കുന്നതാണ്. ഗ്രൂപ്പ് ബി-യിലെ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി 2022 ജൂണിൽ സ്കോട്ട്ലാൻഡ്, യുക്രൈൻ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിലെ വിജയിയെ വെയിൽസ് പ്ലേ-ഓഫിൽ നേരിടുന്നതാണ്.
ഗ്രൂപ്പ് ഡി-യിലെ സ്ഥാനത്തിനായി 2022 ജൂൺ 13-ന് നടക്കുന്ന പ്ലേ-ഓഫിൽ പെറു ഏഷ്യൻ പ്ലേ-ഓഫ് നാലാം മത്സരത്തിലെ (ജൂൺ 7-ന് യു എ ഇയും ഓസ്‌ട്രേലിയയും തമ്മിൽ) വിജയിയെ നേരിടുന്നതാണ്. ഗ്രൂപ്പ് ഇ-യിലെ സ്ഥാനത്തിനായി 2022 ജൂൺ 14-ന് നടക്കുന്ന പ്ലേ-ഓഫിൽ കോസ്റ്റാറിക്ക, ന്യൂസീലാൻഡ് എന്നീ ടീമുകൾ മാറ്റുരയ്ക്കുന്നതാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയായതോടെ മത്സരക്രമ പട്ടിക ഫിഫ ഔദ്യോഗികമായി തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://digitalhub.fifa.com/m/6a616c6cf19bc57a/original/FWC-2022-Match-Schedule.pdf എന്ന വിലാസത്തിൽ നിന്ന് ഈ പട്ടിക ലഭ്യമാണ്. 2022 നവംബർ 21-ന് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.