ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഖത്തറിലെ വിവിധ തൊഴിലിടങ്ങളിലുള്ള ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി. ഫെബ്രുവരി 7-നാണ് HMC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് തൊഴിലിടങ്ങളിൽ 80 ശതമാനം ജീവനക്കാർ നേരിട്ടെത്തുന്ന രീതി തുടരാൻ ഖത്തർ ക്യാബിനറ്റ് കഴിഞ്ഞ ആഴ്ച്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം തൊഴിലിടങ്ങളിലെ 20 ശതമാനം ജീവനക്കാർക്ക് വിദൂര സമ്പ്രദായത്തിൽ ജോലി ചെയ്യുന്നതിനും നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് തൊഴിലിടങ്ങളിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് HMC അറിയിപ്പ് നൽകിയത്.
വൈറസ് വ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി തൊഴിലിടങ്ങളിലെത്തുന്ന ജീവനക്കാരോട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ HMC ആവശ്യപ്പെട്ടിട്ടുണ്ട്:
- സമൂഹ അകലം നിർബന്ധമായും പാലിക്കേണ്ടതാണ്. മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് 1.5 മീറ്റർ അകലം ഉറപ്പാക്കുക.
- മുഴുവൻ സമയവും മാസ്കുകൾ ധരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗിച്ച മാസ്കുകൾ കൃത്യമായും, സുരക്ഷിതമായും നിർമ്മാർജ്ജനം ചെയ്യേണ്ടതും സുരക്ഷ ഉറപ്പാക്കുന്നതിന് നിർബന്ധമാണ്.
- തൊഴിലിടങ്ങളിൽ മറ്റു ജീവനക്കാർക്ക് ഹസ്തദാനം നൽകുന്ന രീതി ഒഴിവാക്കേണ്ടതാണ്. ഓഫീസ് ഇടനാഴികളിൽ ഒത്ത്‌ചേരുന്ന ശീലം ഒഴിവാക്കേണ്ടതാണ്.
- തൊഴിലിടങ്ങളിൽ പ്രവേശിക്കുന്ന അവസരത്തിൽ കയ്യുറകൾ ഉപയോഗിക്കേണ്ടതാണ്.കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
- തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്ക്, വായ എന്നിവ ടിഷ്യു ഉപയോഗിച്ച് മറയ്‌ക്കേണ്ടതാണ്.
- അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
- ശരീരോഷ്മാവ് പരിശോധിക്കേണ്ടതും, പനിയുണ്ടെങ്കിൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കേണ്ടതുമാണ്.
- തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ്, നിങ്ങളുടെ ഫോണിൽ ‘EHTERAZ’ ആപ്പ് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.
- ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ വീടുകളിൽ തുടരേണ്ടതും, ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതുമാണ്.