COVID-19 ഇതര ചികിത്സകൾക്കുള്ള ആശുപത്രികൾ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു. 2021 ജൂൺ 3 മുതൽ ഈ പുതുക്കിയ മാനദണ്ഡങ്ങൾ നിലവിൽ വന്നിട്ടുണ്ട്.
ജൂൺ 3-ന് വൈകീട്ടാണ് HMC ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ജൂൺ 3 മുതൽ COVID-19 ഇതര ചികിത്സകൾക്കുള്ള ആശുപത്രികളിലെ സന്ദർശന സമയം ദിനവും ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 8 വരെയായിരിക്കും. നേരത്തെ ഇത്തരം ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയാണ് സന്ദർശകരെ അനുവദിച്ചിരുന്നത്.
ഇതിന് പുറമെ ഇത്തരം കേന്ദ്രങ്ങളിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
- മുഴുവൻ സന്ദർശകർക്കും മാസ്കുകളുടെ ഉപയോഗം, ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് എന്നിവ നിർബന്ധമാണ്.
- മുഴുവൻ സന്ദർശകരുടെയും ശരീരോഷമാവ് പരിശോധിക്കുന്നതാണ്.
- ഒരു സമയം ഒരു സന്ദർശകന് മാത്രമേ പ്രവേശനം നൽകൂ. ഒരു മണിക്കൂർ സമയമാണ് സന്ദർശകർക്ക് പരമാവധി അനുവദിക്കുന്നത്. ഒരു രോഗിയെക്കാണുന്നതിന് ദിനവും ഇത്തരത്തിൽ പരമാവധി 3 പേർക്ക് മാത്രമാണ് അനുമതി.
- സന്ദർശകരുടെ കൈവശം ഭക്ഷണപാനീയങ്ങൾ, പൂക്കൾ, ചോക്ലേറ്റ് മുതലായ വസ്തുക്കൾ രോഗികൾക്ക് നൽകുന്നതിനായി കരുതുന്നതിന് അനുമതിയില്ല.
- 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല.
COVID-19 ചികിത്സകൾക്കായി ഉപയോഗിക്കുന്ന താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ അനുവദിക്കുന്നതല്ല:
- Communicable Disease Center
- Hazm Mebeireek General Hospital
- The Cuban Hospital
- Mesaieed Hospital