ഖത്തർ: ഒത്ത്ചേരലുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി

GCC News

രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ഒത്ത് ചേരലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി. സാമൂഹിക ഒത്ത് ചേരലുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏതാനം ദിവസങ്ങൾക്ക് മുൻപ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനാണ് മന്ത്രാലയം ഏപ്രിൽ 14-ന് വൈകീട്ട് പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം ഖത്തർ ആരോഗ്യ മന്ത്രാലയം താഴെ പറയുന്ന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്:

  • ഒരു വീടിനുള്ളിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ഒത്ത് ചേരലുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.
  • ഒരു വ്യക്തിക്ക് തനിച്ചോ, ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഒരുമിച്ചോ, കുട്ടികൾ ഉൾപ്പടെ, പാർക്കുകൾ, ബീച്ചുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്നതിനായോ, വ്യായാമത്തിനായോ പോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം പൊതു ഇടങ്ങളിൽ ഇരിക്കുന്നതിനോ, സത്കാരങ്ങൾ സംഘടിപ്പിക്കുന്നതിനോ, മറ്റുള്ളവരുമായി ചേർന്ന് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനോ അനുമതി ഇല്ല.
  • ഒരു വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയ അഞ്ച് പേർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് വീടുകൾക്ക് പുറത്തുള്ള പൂന്തോട്ടങ്ങളിലും മറ്റും ഒത്ത് ചേരുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

പൊതുഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, 1.5 മീറ്റർ എങ്കിലും സാമൂഹിക അകലം, കൈകളുടെ ശുചിത്വം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.