ഖത്തർ: വിദേശത്ത് നിന്ന് രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു

GCC News

വിദേശത്ത് നിന്ന് രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പേർസണൽ സ്റ്റാറ്റസ് രേഖകൾ, നിയമ രേഖകൾ തുടങ്ങി വിദേശ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കുന്നതിനായി നൽകുന്ന സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ ഇതോടെ കൂടുതൽ ലളിതമാകുന്നു. വിദേശത്ത് നിന്ന് ഓൺലൈനിലൂടെ ഈ നടപടികൾ പൂർത്തിയാക്കുന്നതിന് ഈ സേവനം സഹായകമാകുന്നതാണ്.

വിദേശ രാജ്യങ്ങളിലെ ഖത്തറിന്റെ നയതന്ത്രകാര്യാലയങ്ങൾ മുഖേനെയോ, അതാത് രാജ്യത്തെ വിദേശകാര്യ മന്ത്രാലയങ്ങൾ മുഖേനെയോ ഈ രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.