ഖത്തർ: ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് 25000 റിയാൽ പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റെസിഡൻസി പെർമിറ്റ് കാലാവധി പുതുക്കുന്നതിനും, മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്കുമായി തൊഴിലുടമകൾ ജീവനക്കാരിൽ നിന്ന് വാങ്ങുന്ന പാസ്സ്പോർട്ടുകൾ, ഇത്തരം നടപടികൾ പൂർത്തിയാക്കിയ ശേഷം ജീവനക്കാർക്ക് തന്നെ കാലതാമസം കൂടാതെ മടക്കി നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധിയെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഒരു വെബിനാറിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. പുതിയ റെസിഡൻസി പെർമിറ്റുകൾ നേടുന്നതിനും, നിലവിലുള്ള റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനും മറ്റുമായി ജീവനക്കാരുടെ പാസ്സ്പോർട്ടുകൾ തൊഴിലുടമകൾക്ക് ആവശ്യപ്പെടാമെങ്കിലും, ഇത്തരം നടപടികൾ പൂർത്തിയാക്കിയ ശേഷം അവ കൈവശം വെക്കരുതെന്നും, ജീവനക്കാർക്ക് അവ മടക്കി നൽകണമെന്നും അധികൃതർ അറിയിച്ചു.

അനധികൃതമായി വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് 3 വർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുന്നതാണ്. തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് നടപടികൾ, അവയുടെ കാലാവധി അവസാനിച്ച് 90 ദിവസങ്ങൾക്കകം പൂർത്തിയാകാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.