വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള, ബാങ്ക് ഇടപാടുകളുടെ രൂപത്തിലുള്ള, സംശയകരമായ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സൈബർ കുറ്റവാളികൾ വ്യാജമായി അയക്കുന്ന ഇത്തരം സന്ദേശങ്ങളിൽ, ഉപഭോക്താവിന്റെ ബാങ്ക് കാർഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് അറിയിക്കുന്ന രീതിയിൽ വരുന്ന സന്ദേശങ്ങളെക്കുറിച്ച് പ്രത്യേകിച്ചും ജാഗരൂകരാകാൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളോട് നേരിട്ട് പ്രതികരിക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. ബാങ്ക് കാർഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ ലഭിക്കുന്ന അവസരത്തിൽ കൈക്കൊള്ളേണ്ട നടപടികളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്:
- ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ഉപഭോക്താക്കൾ ബാങ്കുകളുമായി ബന്ധപ്പെടേണ്ടതാണ്.
- ലഭിച്ച സന്ദേശം വ്യാജമാണെന്ന് ബാങ്കിൽ നിന്ന് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ, പിന്നീട് അത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, പ്രതികരിക്കുകയോ ചെയ്യരുത്.
- ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് ബാങ്കിൽ നിന്ന് വിവരം ലഭിക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് കോമ്പാറ്റിങ്ങ് ഡിപ്പാർട്ടുമെന്റിലേക്ക് 66815757 എന്ന നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.
കഴിഞ്ഞ വർഷങ്ങളിൽ ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്ത ഡിജിറ്റൽ തട്ടിപ്പുകളിൽ ഭൂരിഭാഗവും, വാട്സാപ്പിലൂടെയോ, SMS-ലൂടെയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന, പണം അപഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള ലിങ്കുകളടങ്ങിയ വ്യാജ സന്ദേശങ്ങളാണെന്ന് മന്ത്രാലയം അറിയിച്ചു. പലപ്പോഴും വിശ്വസനീയമായ പണമിടപാട് സ്ഥാപനങ്ങളുടേതിന് സമാനമായ ബ്രാൻഡ് അടയാളങ്ങളും മറ്റും ഉപയോഗിച്ച് കൊണ്ട് നടത്തുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തണമെന്ന് സമൂഹത്തെ മന്ത്രാലയം ഓർമ്മപ്പെടുത്തി.