വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ നൽകുന്നതിനും, കടലാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം ആരംഭിച്ചിരിക്കുന്നത്.
2023 മാർച്ച് 11-ന് വൈകീട്ടാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ ഇ-സേവന സംവിധാനം https://www.mol.gov.qa/En/pages/default.aspx എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.
ഇതിന്റെ ഭാഗമായി, ഈ ഇ-സേവന സംവിധാനത്തിലൂടെ ഖത്തറിലെ സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന ആറ് സേവനങ്ങളാണ് മന്ത്രാലയം ലഭ്യമാക്കിയിരിക്കുന്നത്:
- പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ.
- വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ.
- വർക്ക് പെർമിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷകൾ.
- ലേബർ റിക്രൂട്ട്മെന്റ്റ് അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷകൾ.
- ലേബർ റിക്രൂട്ട്മെന്റ്റ് അംഗീകാരം പുതുക്കുന്നതിനുള്ള അപേക്ഷകൾ.
- ലേബർ റിക്രൂട്ട്മെന്റ്റ് അംഗീകാരത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷകൾ.
ഈ സംവിധാനത്തിലൂടെ സ്ഥാപനങ്ങൾക്ക് ഖത്തറിൽ താമസിക്കുന്ന ഒരു പ്രവാസിയെ (മറ്റൊരാളുടെ ആശ്രിതവിസയിലുള്ളതോ, റെസിഡൻസി വിസയിലുള്ളതോ, നിക്ഷേപക പദവിയിലുള്ളവരോ ഉൾപ്പടെ) തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കുന്നതിനായി പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. സ്ഥാപനങ്ങൾക്ക് ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനും, റദ്ദ് ചെയ്യുന്നതിനും സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഈ ഇ-സംവിധാനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Cover Image: Qatar Ministry of Labor.