ഖത്തർ: തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി അറിയിപ്പ്

GCC News

തങ്ങളുടെ സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഏതാനം പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മെയ് 3-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനത്തിന് കീഴിലാണ് ഈ പുതിയ ഇ-സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. https://www.mol.gov.qa/ എന്ന വിലാസത്തിലൂടെ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്നതാണ്.

താഴെ പറയുന്ന സേവനങ്ങളാണ് ഖത്തർ തൊഴിൽ മന്ത്രാലയം തങ്ങളുടെ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്:

  • സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അവരെ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനുള്ള താത്കാലിക വർക്ക് വിസകൾക്കുള്ള അപേക്ഷകൾ.
  • സ്ഥാപനങ്ങൾക്ക് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്റ്ററിയിലേക്ക് ഒരു സർക്കാർ കരാർ ഉൾപ്പെടുത്തുന്നതിനുള്ള സേവനം.
  • സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങൾ.
  • ഖത്തർ ഫിനാൻഷ്യൽ ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങൾ.

മേൽപ്പറഞ്ഞ സേവനങ്ങളെല്ലാം നേരത്തെ മന്ത്രാലയത്തിൽ നിന്ന് നേരിട്ട് മാത്രമാണ് നൽകിയിരുന്നത്.