രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാനുള്ള തീരുമാനം അംഗീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 9-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ പ്രായവിഭാഗക്കാർക്കിടയിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകളുടെ ഫലപ്രാപ്തിയും, സുരക്ഷയും സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ ആഗോളതലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി ഉയർത്തുന്നതിൽ ഈ തീരുമാനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖത്തറിൽ 2021 മെയ് മാസത്തിലാണ് രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. ഈ കാലയളവിൽ രാജ്യത്ത് ഈ പ്രായവിഭാഗത്തിൽപ്പെടുന്ന പത്തിൽ ഒമ്പത് കുട്ടികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് ലഭ്യമാണ്. ബൂസ്റ്റർ ഡോസിന് അർഹതയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 4027 7077 എന്ന നമ്പറിൽ കുത്തിവെപ്പിനായി മുൻകൂർ ബുക്കിംഗ് നടത്താവുന്നതാണ്.