കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ മാസ്കുകൾ ഫലപ്രദമാണെങ്കിലും, അവ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ COVID-19-നെ വിജയകരമായി പ്രതിരോധിക്കാനാകൂ എന്ന് മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. മാസ്കുകൾ ശരിയായ രീതിയിൽ എങ്ങിനെ ഉപയോഗിക്കാം എന്നതും മന്ത്രാലയം ചൂണ്ടിക്കാട്ടി.
COVID-19-നെതിരെ മാസ്കുകൾ പൂർണ്ണമായും ഫലപ്രദമാകുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
- മാസ്ക് ധരിക്കുന്നതിന് മുൻപായി കൈകൾ വൃത്തിയായി കഴുകേണ്ടതാണ്.
- മൂക്ക്, വായ എന്നിവ പൂർണ്ണമായി മറയ്ക്കുന്ന രീതിയിലായിരിക്കണം മാസ്കുകൾ ധരിക്കേണ്ടത്. കീഴ്താടിയുടെ അടിവശം, മൂക്കിന്റെ പാലം, മുഖത്തിന്റെ വശം എന്നിവ പൂർണ്ണമായും മറയ്ക്കുന്ന രീതിയിൽ മാസ്കുകൾ മുഖത്ത് ധരിക്കേണ്ടതാണ്.
- ധരിക്കുന്ന വേളയിലോ, ഉപയോഗിക്കുന്ന വേളയിലോ മാസ്കിന്റെ മുൻവശം സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- മാസ്കുകൾ മുഖത്ത് നിന്ന് താഴ്ത്തി കഴുത്തിന് ചുറ്റും കിടക്കുന്ന രീതിയിൽ ഒരു കാരണവശാലും ധരിക്കരുത്.
- മാസ്കുകൾ മുഖത്ത് നിന്ന് ഊരി മാറ്റിയ ശേഷം കൈകൾ വൃത്തിയായി കഴുകേണ്ടതാണ്.
- ചളി പുരണ്ടതോ, നനവുള്ളതോ ആയ മാസ്കുകൾ ഉടൻ തന്നെ മാറ്റേണ്ടതാണ്.
COVID-19 പശ്ചാത്തലത്തിൽ ഖത്തറിൽ പൊതു ഇടങ്ങളിലും മറ്റും മാസ്കുകൾ നിർബന്ധമാണ്. ഇത് മറികടക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ കൈക്കൊള്ളുന്നതാണ്.
പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ ഖത്തറിലെ ’17/ 1990′ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടികൾ കൈക്കൊള്ളുന്നത്.