പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി, രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ രക്ഷിതാക്കളോട് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ സ്കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 25-ന് വൈകീട്ട് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.
പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ വാക്സിനെടുക്കേണ്ടതിന്റെ കാരണങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- ഖത്തറിലെ 12 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായും, ഇത്തരക്കാരിൽ വാക്സിനെടുത്തതിന്റെ ഭാഗമായി ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രലായം അറിയിച്ചു. രാജ്യത്തെ ഈ പ്രായവിഭാഗത്തിൽപ്പെടുന്ന പത്തിൽ ഏഴ് കുട്ടികളും വാക്സിനെടുത്തിട്ടുണ്ട്.
- കുട്ടികളിലും ദീർഘകാലത്തേക്കുള്ള വിഷമതകൾ ഉണ്ടാകുന്ന രീതിയിലുള്ള COVID-19 രോഗബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിനാൽ വാക്സിനെടുക്കേണ്ടത് വളരെ പ്രധാനമാണ്.
- വാക്സിനെടുക്കാത്ത കുട്ടികൾക്ക് രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നിന്ന് മറ്റു കുടുംബാംഗംങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
- കൊറോണ വൈറസിന്റെ അതിതീവ്ര വകഭേദമായ ഡെൽറ്റ ഉൾപ്പടെയുള്ള വൈറസുകളെ ചെറുക്കാൻ വാക്സിൻ അത്യാവശ്യമാണ്.
- കൂടുതൽ കുട്ടികൾ വാക്സിനെടുക്കുന്നതോടെ വിദ്യാലയങ്ങൾ കൂടുതൽ സുരക്ഷിതമാകുന്നതാണ്.