രാജ്യത്ത് ഹോം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ടതായ പുതുക്കിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ COVID-19 രോഗബാധിതരാകുന്നവർ, അവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലാത്ത സാഹചര്യത്തിൽ, തങ്ങളുടെ വീടുകളിൽ പത്ത് ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ട നടപടികൾ മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിൽ ഹോം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ:
- ഹോം ഐസൊലേഷന്റെ ആദ്യത്തെ അഞ്ച് ദിനങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കിക്കൊണ്ട്, ബാത്ത്റൂം സൗകര്യമുള്ള ഒരു മുറിയിൽ കഴിയേണ്ടതാണ്.
- ഈ മുറി വായുസഞ്ചാരമുള്ളതായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- വ്യക്തികൾ ഹോം ഐസൊലേഷനിൽ തുടരുന്ന വീടുകളിലേക്ക് സന്ദർശകരെ അനുവദിക്കരുത്.
- ഹോം ഐസൊലേഷനിൽ തുടരുന്നവർ വീട് വിട്ട് പുറത്ത് പോകരുത്.
- വീട്ടിലുള്ള മാറ്റ് അംഗങ്ങളെ ബന്ധപ്പെടാൻ ഫോൺ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.
- ഇത്തരം വീടുകളിലേക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങളും മറ്റും വാങ്ങുന്നതിനായി മറ്റു കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടെയോ സഹായം ആവശ്യപ്പെടേണ്ടതാണ്.
- ഹോം ഐസൊലേഷനിൽ തുടരുന്നവർക്ക് ഭക്ഷണം മറ്റു ആവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിന് ഒരേ കുടുംബാംഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. ഇത്തരം സേവനം നൽകുന്ന വ്യക്തികൾ ഹോം ഐസൊലേഷനിലുള്ളവരുടെ മുറികളിൽ പ്രവേശിക്കുന്ന മുഴുവൻ സമയവും മാസ്കുകൾ, കയ്യുറ എന്നിവ ധരിക്കേണ്ടതാണ്. ഇവർ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഈ മാസ്കുകൾ, കയ്യുറകൾ എന്നിവ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യേണ്ടതും, കൈകൾ ശുചിയാക്കേണ്ടതുമാണ്. ഐസൊലേഷനിൽ ഇരിക്കുന്ന വ്യക്തിയുമായി ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ്.
- അഞ്ച് ദിവസത്തെ ഹോം ഐസൊലേഷൻ കഴിയുന്നതോടെ ഇത്തരം വ്യക്തികൾക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം വ്യക്തികൾ മറ്റുള്ള കുടുംബാംഗങ്ങളുമായി ഇടപഴകുന്ന മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
- ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, സംശയനിവാരണത്തിനുമായി 16000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.