ഖത്തർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വാക്സിനെടുക്കാൻ വിദ്യാർത്ഥികളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

GCC News

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി, രാജ്യത്തെ 12 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളുടെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഈ നടപടി പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഖത്തർ ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം തലവൻ ഡോ. സോഹ അൽ ബയതാണ് ഇക്കാര്യം അറിയിച്ചത്. 12 മുതൽ 15 വയസ്സ് വരെയുളള പ്രായമുള്ളവരിൽ COVID-19 രോഗബാധ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടിട്ടില്ലെങ്കിലും, ഇവരിൽ രോഗം കൂടുതൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്നതായും, ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഇതിനാൽ ഈ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ COVID-19 വാക്സിനെടുക്കാത്തവരോട്, എത്രയും വേഗം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.