ഖത്തർ: വ്യാജ ഇമെയിലുകൾ ഉപയോഗിച്ചുളള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്

GCC News

തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ ഇമെയിലുകൾ ഉപയോഗിച്ചുളള തട്ടിപ്പിനെക്കുറിച്ച് ഖത്തർ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ജനുവരി 19-നാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നതും, പണം അപഹരിക്കുന്നതും ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ ഇത്തരം ഇമെയിലുകൾ ഉപയോഗിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രലയത്തിൽ നിന്ന് വ്യക്തികളുടെ പേരിൽ പാർസലുകൾ അയച്ചിട്ടുണ്ടെന്നും, ഇത് കൈപ്പറ്റുന്നതിനായി ഇമെയിൽ സന്ദേശത്തിൽ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്തുകൊണ്ട് ക്രെഡിറ്റ് കാർഡ്, ബാങ്കിങ് വിവരങ്ങൾ നൽകി പണമിടപാടുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഇത്തരം വ്യാജ ഇമെയിലുകൾ പ്രചരിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തരം വ്യാജ ഇമെയിൽ സന്ദേശങ്ങൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.